Skip to main content

*എം.പി ലാഡ്‌സ് പദ്ധതികള്‍ ; പരമാവധി വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈബി ഈഡന്‍ എം.പി

എം.പി ലാഡ്‌സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുള്ള പ്രൊജക്ടുകളിലെ നടപടിക്രമങ്ങള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ സന്നിധ്യത്തില്‍ ചേര്‍ന്ന എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ എം.പി ലാഡ്‌സ് പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 45 ദിവസത്തിനകം പ്രവൃത്തികളുടെ ഭരണാനുമതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

പദ്ധതിയില്‍ ഉള്‍പ്പെട്ട ഓരോ പ്രോജക്ടുകളുടെയും പുരോഗതി യോഗം വിലയിരുത്തി. പൂര്‍ത്തിയായ നിര്‍മ്മാണ പ്രവൃത്തികളുടെ ബില്ലുകള്‍ സമയബന്ധിതമായി സമര്‍പ്പിക്കുന്നു എന്നുറപ്പാക്കണം. അതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്. കാലതാമസം നേരിടുന്ന പദ്ധതികളില്‍ കളക്ടറുടെ ഇടപെടല്‍ ഉണ്ടാകണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.

 

കളക്ടറേറ്റ് ട്രെയിനിങ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി.ജ്യോതി മോള്‍, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.എല്‍ ശ്രീകുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date