Skip to main content

ജില്ലയില്‍ ബാങ്കിങ് മുന്‍ഗണനാ മേഖലയില്‍ 97 ശതമാനം നേട്ടം; ആകെ ബാങ്ക് നിക്ഷേപം 57,150.55 കോടി

ഈ സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ (2024 ഒക്ടോബർ- ഡിസംബര്‍) ജില്ലയിലെ മുന്‍ഗണനാ മേഖലയില്‍ 97 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായി ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. 2024 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 67 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. ആകെ ബാങ്ക് നിക്ഷേപം 57,150.55 കോടിയാണ്. ഇതില്‍ 14,578.77 കോടി പ്രവാസി നിക്ഷേപമാണ്. 2.29 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ പാദത്തെക്കാള്‍ നിക്ഷേപത്തില്‍ വന്നത്. 39,802.39 കോടിയാണ് ആകെ വായ്പയായി നല്‍കിയത്. കഴിഞ്ഞ പാദത്തെക്കാള്‍ 3.86 ശതമാനമാണ് വായ്പാ വര്‍ധനവ് ഉണ്ടായത്. വായ്പ നിക്ഷേപ അനുപാതം 69.64 ശതമാനമാണ്. കൂടുതല്‍ ബ്രാഞ്ചുകളുള്ള പ്രമുഖ ബാങ്കുകളുടെ വായ്പാ നിക്ഷേപ അനുപാതം ഇങ്ങനെയാണ്. കേരള ഗ്രാമീണ്‍ ബാങ്ക് (72.92), കനറാ ബാങ്ക് (78.39), എസ്.ബി.ഐ (46.93), ഫെഡറല്‍ ബാങ്ക് (32.65), സൗത്ത് ഇന്ത്യന്‍ ബാങ്ക് (40.29).

ജില്ലയില്‍ 719 ബാങ്ക് ശാഖകള്‍, 672 എ.ടി.എം.-സി.ഡി.എമ്മുകള്‍

ജില്ലയില്‍ 719 ബാങ്ക് ശാഖകളുടെ ശക്തമായ ശൃംഖലയുണ്ട്. 184 പൊതുമേഖല, 186 സ്വകാര്യമേഖല, 95 ഗ്രാമീണ്‍, 58 സ്മാള്‍ ഫിനാന്‍സ്, 195 സഹകരണ മേഖല, ഒരു പോസ്റ്റല്‍ പേയ്മെന്റ് എന്നിങ്ങനെയാണ് ബാങ്ക് ബ്രാഞ്ചുകള്‍. പുറമെ തുടര്‍ച്ചയായ കസ്റ്റമര്‍ സര്‍വീസിനു 576 എ.ടി.എമ്മുകളും 106 സി.ഡി.എമ്മുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

date