എന്താണ് ഫോക്കസ് ബ്ലോക്ക് പദ്ധതി
പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോക്കസ് ബ്ലോക്ക് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 50 ബ്ലോക്ക് പഞ്ചായത്തുകളാണ് പദ്ധതിയിൽഉൾപ്പെട്ടിട്ടുള്ളത്. ജില്ലയിൽ നിന്ന് ഇളംദേശം ,അടിമാലി ,കട്ടപ്പന ,വാത്തിക്കുടി ,നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക.
ക്ഷീരവികസന വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 5 അംഗങ്ങളുളള ക്ഷീരശ്രീ വനിതാ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് മുൻഗണന നൽകി നടപ്പിലാക്കുന്ന പദ്ധതിയിൽ പൊതു വിഭാഗത്തിൽ ഒരു അംഗത്തിന് പശുവിനെ വാങ്ങിക്കുന്നതിന് 30000 രൂപ ധനസഹായ നിരക്കിൽ 5 അംഗങ്ങളുളള ഗ്രൂപ്പിന് 1,50,000 (ഒരു ലക്ഷത്തി അമ്പതിനായിരം) രൂപ ധനസഹായം ലഭിക്കുന്നു. പൊതു വിഭാഗത്തിൽ 8 ഗ്രൂപ്പുകളിലായി 40 ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിക്കുന്നു. പദ്ധതി വഴി 40 പശുക്കളെ ബ്ലോക്കിൽ പുതുതായി വാങ്ങിക്കുന്നു.
പട്ടിക വർഗ്ഗ വിഭാഗത്തിലെ ഒരംഗത്തിന് പശു വാങ്ങിക്കുന്നതിന് 40,000 രൂപ ധനസഹായം നിരക്കിൽ 5 അംഗങ്ങളുളള ഗ്രൂപ്പിന് രണ്ടു ലക്ഷം രൂപ ധനസഹായം ലഭിക്കുന്നു. പട്ടിക വർഗ്ഗ വിഭാഗത്തിലെ 2 ഗ്രൂപ്പുകളിലായി 10 ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിക്കുന്നു. 10 പശുക്കളെ പുതുതായി വാങ്ങിക്കാൻ അവസരം ലഭിക്കുന്നു.
ക്ഷീരവികസന വകുപ്പിൽ രജിസ്റ്റർ ചെയ്ത് ക്ഷീരസംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിന് സ്വന്തമായി നിയമാവലിയും ബാങ്ക് അക്കൗണ്ടും ഉണ്ടായരിക്കും. ഗ്രൂപ്പ് ക്ഷീരസംഘത്തിൽ പാൽ അളക്കുകയും പാൽ വില ക്ഷീരസംഘത്തിൽ നിന്നും ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്ക് കൈമാറുന്നതുമാണ്. ഗ്രൂപ്പിലെ അംഗങ്ങൾക്ക് അവരവരുടെ വീട്ടിൽ തന്നെ പശുക്കളെ വളർത്താവുന്നതാണ്.
- Log in to post comments