Skip to main content

ശുചീകരണത്തിന് നേതൃത്വം നൽകി ജില്ലാ കളക്ടർ; ക്ലീനായി സിവിൽ സ്റ്റേഷനും പരിസരവും

കൈയ്യിൽ ചൂലുമെടുത്ത് ജില്ലാ കളക്ടറും ജീവനക്കാരും ഒരുമയോടെ ശുചീകരണത്തിന് മുന്നിട്ടിറങ്ങിയപ്പോൾ സിവിൽ സ്റ്റേഷനും പരിസരവും ക്ലീൻ. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കാക്കനാട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവ് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. 

 

ഒരു ടീം ഒന്നിച്ചു പ്രവർത്തിച്ചാൽ മികച്ച രീതിയിൽ ശുചീകരണം നടപ്പിലാക്കാൻ സാധിക്കും എന്നതിന് തെളിവാണ് ക്ലീൻ ഡ്രൈവ് എന്നും ഇതൊരു തുടക്കം മാത്രമാണെന്നും ജില്ലാ കളക്ട൪ എ൯ എസ് കെ ഉമേഷ് പറഞ്ഞു. സിവിൽ സ്റ്റേഷനെ പൂർണ്ണമായും ഹരിതമാക്കി മാറ്റണം. രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ശുചിത്വത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്നു. സ്വന്തം ജീവിതത്തിൽ അത് സ്വയം ചെയ്യുകയും ചെയ്തു. സ്വന്തം ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമായി കണ്ട് എല്ലാവരും മഹാത്മാഗാന്ധിയെ പോലെയായി മാറണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

 

 

ശുചീകരണത്തിന്റെ ഭാഗമായി ക്ലീൻ ചെയ്ത ഓഫീസുകൾ കളക്ടർ നേരിട്ട് എത്തി പരിശോധന നടത്തി. ജീവനക്കാരോടൊപ്പം കളമശ്ശേരി പോളിടെക്നിക്, രാജഗിരി, കെ എം ഇ എ, ഭാരത് മാതാ എന്നീ കോളേജ് വിദ്യാർത്ഥികളുടെയും തൃക്കാക്കര മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികളുടെയും സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.  

 

സിവിൽ സ്റ്റേഷ൯ പരിസരത്ത് നടന്ന പരിപാടിയിൽ തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ള, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ ജെ ജോയ്, നവകേരള മിഷൻ കോ-ഓഡിനേറ്റർ എസ്. രഞ്ജിനി, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ റ്റി എം റെജിന, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ മനോജ്, എൽ എ ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ എസ് ലിജുമോൻ, ശുചിത്വമിഷൻ പ്രോഗ്രാം കോ ഓഡിനേറ്റർ ധന്യ ജോസി, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

 

date