Skip to main content

ചെറുതനയിൽ ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ഇന്ന് (18)

ചെറുതന ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ജനകീയ ആരോഗ്യ കേന്ദ്രം (സബ് സെന്റർ) ഉദ്ഘാടനം ഇന്ന്(മാർച്ച് 18ന്) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിക്കും. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് 2022-23, 2023-24 ജനകീയ ആസൂത്രണ പദ്ധതി വഴിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ദീർഘകാലമായി സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാണ് സബ് സെന്റർ പ്രവർത്തിച്ചിരുന്നത്. 581 ചതുരശ്ര അടിയുള്ള കെട്ടിടത്തിന് 28 ലക്ഷം രൂപയാണ് ചെലവ്. ജീവിതശൈലി ക്ലിനിക്, സ്ത്രീകൾക്കും കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള ക്ലിനിക്, കുടുംബാസൂത്രണ ക്ലിനിക്, മാസത്തിൽ ഒരിക്കൽ കുട്ടികൾക്കുള്ള കുത്തിവയ്പ് തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭിക്കും. വൈകിട്ട് മൂന്നുമണിക്ക് ചെറുതന സബ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു അധ്യക്ഷയാകും. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഓമന, ബ്ലോക്ക് പഞ്ചായത്തംഗം എൻ പ്രസാദ് കുമാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സിൻഡിക്കേറ്റ് അംഗം ശ്രീകുമാർ ഉണ്ണിത്താൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
(പിആർ/എഎൽപി/836)

date