കേരള ശ്രീ ജേതാവായ ആശാ പ്രവർത്തക ഷൈജ ബേബി മന്ത്രി വീണാ ജോർജിനെ കണ്ട് സന്തോഷം പങ്കുവച്ചു
കേരള ശ്രീ ജേതാവും വയനാട്ടിലെ ആശാ പ്രവർത്തകയുമായ ഷൈജ ബേബി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നിയമസഭാ ഓഫീസിലെത്തി കണ്ട് സന്തോഷം പങ്കുവച്ചു. സാമൂഹ്യ സേവനത്തിനുള്ള കേരള ശ്രീ പുരസ്‌കാരം സ്വീകരിക്കാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മൂന്ന് മാസങ്ങൾക്ക് ശേഷം ഷൈജ ബേബി മന്ത്രിയെ നേരിട്ട് കണ്ടത്. ആപത്ത് സമയത്ത് എല്ലാ പിന്തുണയും നൽകിയതിന് മന്ത്രിയെ നന്ദി അറിയിച്ചു. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ മന്ത്രി വീണാ ജോർജ് മേപ്പാടിയിലെത്തി ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരെയും വീടുമൊക്കെ നഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകരെയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകരെയും സന്ദർശിച്ചപ്പോൾ ഷൈജയെ വീട്ടിലെത്തി കണ്ടിരുന്നു.
ഷൈജയെ അതിനുമുമ്പ് മന്ത്രി കാണുന്നത് മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ ഷൈജ തിരിച്ചറിയുന്ന പ്രവർത്തനങ്ങൾക്കിടയിലാണ്. ഉരുൾപൊട്ടലിൽ ബന്ധുക്കളായ 9 പേരെ നഷ്ടപ്പെട്ടപ്പോഴും മണ്ണിൽ പുതഞ്ഞ മൃതശരീരങ്ങൾക്കിടയിൽ നിന്ന് നൂറിലധികം പേരെ ഷൈജ ബേബി തിരിച്ചറിഞ്ഞിരുന്നു. ഉരുൾപൊട്ടൽ ദിവസം രാവിലെ മുതൽ മേപ്പാടി ആരോഗ്യ കേന്ദ്രത്തിലേക്ക് നിരവധി മൃതദേഹങ്ങൾ എത്തിയതോടെ തിരിച്ചറിയുന്നതെങ്ങനെയെന്ന് അറിയാതെ ബുദ്ധിമുട്ടി. ഈ സാഹചര്യത്തിലാണ് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയിലും മന:സാന്നിധ്യം കൈവിടാതെ ഷൈജ മൃതദേഹങ്ങളിലും ശരീര ഭാഗങ്ങളിലും ഓരോ വ്യക്തികളുടെയും ശാരീരിക പ്രത്യേകതകൾ ഓർത്തെടുത്ത് തിരിച്ചറിഞ്ഞത്.
വയനാട് ജില്ലയിലെ മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ കഴിഞ്ഞ 16 വർഷക്കാലമായി ആശാ പ്രവർത്തകയായി ഷൈജ ബേബി സേവനം അനുഷ്ഠിക്കുകയാണ്. ഉരുൾപൊട്ടൽ വിവരം ആദ്യം അറിഞ്ഞ നിമിഷം മുതൽ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ മുൻ നിരയിൽ സജീവമായിരുന്നു ഷൈജ. ബന്ധുക്കൾ പോലും തിരിച്ചറിയാതിരുന്ന സാഹചര്യത്തിൽ മുണ്ടക്കയിലെയും ചൂരൽമലയിലെയും ഓരോ വ്യക്തിയെയും അടുത്തറിയാവുന്ന ഷൈജയാണ് മൃതദേഹ ഭാഗങ്ങൾ പോലും തിരിച്ചറിഞ്ഞത്. ആ ദുരിതത്തിന്റെ നടുക്കത്തിൽ നിന്നും വേദനയിൽ നിന്നും ഷൈജ ഇപ്പോഴും മോചിതയായിട്ടില്ല. ഷൈജയുടെ മികച്ച സേവനങ്ങൾക്ക് കേരള ശ്രീ പുരസ്‌കാരത്തിന് സംസ്ഥാന സർക്കാർ തിരഞ്ഞെടുത്തിരുന്നു. അത് ഏറ്റുവാങ്ങുന്നതിന് മകനും സഹോദരനും ഒപ്പമാണ് ഷൈജ ബേബി തിരുവനന്തപുരത്ത് എത്തിയത്.
പി.എൻ.എക്സ് 1175/2025
- Log in to post comments