Skip to main content

കേരളത്തിനെ നവീകരിക്കുന്നതിൽ മലയാള സിനിമയും ജെ.സി. ഡാനിയലും പങ്കുവഹിച്ചു : മന്ത്രി സജി ചെറിയാൻ

കേരള സമൂഹത്തെ ആധുനിക സമൂഹമായി നവീകരിക്കുന്നതിൽ മലയാള സിനിമയും ജെ.സി. ഡാനിയലും പങ്കുവഹിച്ചിട്ടുണ്ടെന്നു സാംസ്‌കാരികയുവജനകാര്യ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലോകത്തുടനീളം മലയാള സിനിമ ശ്രദ്ധിക്കപ്പെടുന്ന ഇക്കാലത്ത് മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയലിന് ആദരവ് നൽക്കേണ്ടത് അനിവാര്യമായ ഉത്തരവാദിത്തമാണ്. യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തിൽ നിന്നും എതിർപ്പുകളെ അവഗണിച്ച് സിനിമ നിർമ്മിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ജെ.സി. ഡാനിയലും അദ്ദേഹത്തിന്റെ 'വിഗതകുമാരൻഎന്ന സിനിമയിലെ നായിക പി. കെ. റോസിയും അന്നത്തെ സമൂഹത്തിൽ നിന്ന് കടുത്ത വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. ജെ.സി. ഡാനിയലിന്റെ പ്രവർത്തനങ്ങളെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നതിലൂടെ ആ കാലത്തെ സാമൂഹിക അന്തരീക്ഷം ഇന്നത്തെ തലമുറയെ പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. ജെ സി ഡാനിയലിന്റെ വെങ്കല പ്രതിമയുടെ നിർമ്മാണ ഉദ്ഘാടനം ശ്രീ തിയേറ്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ആധുനിക സമൂഹത്തോടൊപ്പം ആധുനിക രീതിയിലേക്ക് സിനിമയും മാറുകയാണ്. മറ്റു കലകളിൽ നിന്ന് വ്യത്യസ്തമാണ് സിനിമ. അതുകൊണ്ടുതന്നെ സിനിമ മേഖലയെ സമൂലമായ പരിവർത്തനം ചെയ്യേണ്ട ഉത്തരവാദിത്വം സർക്കാരിനുമുണ്ട്. നമ്മുടെ സമൂഹത്തിലെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടുകൊണ്ട് സിനിമ മേഖല രൂപപ്പെടുത്തേണ്ടതുണ്ടെന്നും വർത്തമാനകാല പ്രശ്‌നങ്ങളെ സിനിമ സംബോധന ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങളുടെ ഫലമായി മദ്രാസിനെ ആശ്രയിച്ചിരുന്ന മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനടാൻ സാധിച്ചു. അതിനുശേഷം അഭിമാനകരമായ ഒരുപാട് സിനിമകൾ കെ എസ് എഫ് ഡി സിയുടെയും ചിത്രാഞ്ജലി സ്റ്റുഡിയോയുടെയും സാങ്കേതിക സഹായത്തോടുകൂടി നിർമിക്കാൻ കഴിഞ്ഞത് നേട്ടമാണ്. ഈ വർഷം രൂപീകരണത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചിത്രാഞ്ജലി സ്റ്റുഡിയോ ക്യാമ്പസിൽ ജെ സി ഡാനിയലിന്റെ പൂർണ്ണകായ വെങ്കല പ്രതിമ സ്ഥാപിക്കുന്നത് മലയാള സിനിമയുടെ ചരിത്ര മുഹൂർത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മലയാള സിനിമയ്ക്ക് നൽകാവുന്ന ഏറ്റവും കരുത്തുറ്റ ഓർമ്മപ്പെടുത്തലാണ് ജെ.സി. ഡാനിയലിന്റെ പ്രതിമ എന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. കലയ്ക്കുവേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുകയും വിപ്ലവശബ്ദം ഉയർത്തുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹമെന്നും ഡോ. ദിവ്യ അനുസ്മരിച്ചു.

 ചടങ്ങിൽ ജെ.സി. ഡാനിയലിന്റെ മകൻ ഹാരിസ് ഡാനിയൽശിൽപ്പി കുന്നുവിള എം മുരളി എന്നിവരെ മന്ത്രി ആദരിച്ചു.

കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ. കരുൺകേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർകേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ കെ.കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടർ പ്രിയദർശനൻ പി. എസ്.ഭരണസമിതി അംഗങ്ങളായ ഷാജി കൈലാസ്പി. സുകുമാർജിത്തു കോളയാട്ഇർഷാദ് അലിഷെറിൻ ഗോവിന്ദൻചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്  തുടങ്ങിയവർ പങ്കെടുത്തു.

പത്തടി ഉയരമുള്ള വെങ്കല പ്രതിമയാണ് ശില്പി കുന്നുവിള എം മുരളി രൂപകൽപ്പന ചെയ്യുന്നത്. ഏഴര അടി ഉയരത്തിലെ പീഠത്തിലാണ് പ്രതിമ സ്ഥാപിക്കുക. 50 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.

പി.എൻ.എക്സ് 1254/2025

date