തമ്മനംപുല്ലേപ്പടി റോഡ് വികസനം അവലോകന യോഗം ചേർന്നു
തമ്മനം - പുല്ലേപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാൻ നിർദേശം. റോഡ് വികസനവുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തുന്നതിനായി കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ എം അനിൽകുമാർ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഭരണാനുമതിക്കായി സംസ്ഥാന സർക്കാരിലേക്ക് ഫയൽ അയച്ചതായി കളക്ടർ യോഗത്തിൽ അറിയിച്ചു. ഏപ്രിൽ 15 ന് മുമ്പായി ഭരണാനുമതി ലഭ്യമാകാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് കളക്ടർ പറഞ്ഞു. തമ്മനം പുല്ലേപ്പടി റോഡ് സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട മുൻഗണന പ്രൊജക്ടായി കാണണമെന്നും കളക്ടർ യോഗത്തിൽ അറിയിച്ചു.
വികസനത്തിന്റെ ഭാഗമായുള്ള സാമൂഹികാഘാതപഠനം ഏപ്രിലിൽ ആരംഭിക്കും. ഓഗസ്റ്റിൽ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട പ്രാഥമിക നോട്ടിഫിക്കേഷൻ 11 (1) പ്രകാരമുള്ള നടപടികൾ ആരംഭിക്കും. റോഡ് വികസനവുമായി ബന്ധപ്പെട്ട് നിലവിൽ ഏറ്റെടുത്ത സ്ഥലത്ത് ഓഗസ്റ്റ് മാസത്തിൽ യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, റോഡ് വീതി കൂട്ടൽ നടപടികൾ ആരംഭിക്കാൻ കെ ആർ എഫ് ബി യെ ചുമതലപ്പെടുത്തി. കെ ആർ എഫ് ബി നൽകുന്ന പ്ലാൻ കിഫ്ബിയിൽ സമർപ്പിച്ച് ആവശ്യമായ അംഗീകാരം ലഭ്യമാക്കുമെന്ന് യോഗത്തിൽ മേയർ ഉറപ്പുനൽകി.
അറ്റ്ലാന്റിസ് റെയിൽവേ മേൽപ്പാലം നിർമ്മാണ നടപടികളുടെ പുരോഗതിയും യോഗം വിലയിരുത്തി. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പരാതികൾ ഉന്നയിച്ച എട്ടോളം കുടുംബങ്ങളുടെ പുനരധിവാസ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ യോഗത്തിൽ മേയർ എം അനിൽകുമാറിനെ ചുമതലപ്പെടുത്തി.
ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ ചേർന്ന യോഗത്തിൽ എൽ എ ഡെപ്യൂട്ടി കളക്ടർ എസ് റെജീന, എൽ എസ് തഹസിൽദാർ കെ ദേവരാജൻ, കെ ആർ എഫ് ബി ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments