Skip to main content

ഭിന്നശേഷി സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്

2025 - 26 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

 

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ 2025 26 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസി ജോളി വട്ടക്കുഴി ബജറ്റ് അവതരിപ്പിച്ചു. പ്രസിഡൻറ് കെജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു 

 

ഭിന്നശേഷി സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്. 66,31,98,269 രൂപ വരവും 66,16,55,187 രൂപ ചിലവും 15,43,082 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 

 

പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 82,71000 രൂപയും വനിത ക്ഷേമത്തിനായി 33,00,000 രൂപയും ഭവന പദ്ധതിക്കായി പ്ലാൻഫണ്ടിൽ നിന്നും 83,79,000 രൂപയും ആരോഗ്യ മേഖലക്കായി 70,80,800 രൂപയും വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി 46,50,000 രൂപയും കാർഷിക മേഖലക്കായി 39,25,000 രൂപയും മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കായി 19,50,000 രൂപയും ബജറ്റിൽ ഉൾകൊള്ളിച്ചിരിക്കുന്നു. 

 

തൊഴിലുറപ്പ് പദ്ധതിയിലൂടെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന എട്ട് ഗ്രാമപഞ്ചായത്തുകളിൽ 36,18,90,000 രൂപയുടെ പ്രവർത്തികളാണ് ഈ സാമ്പത്തിക വർഷം വിഭാവനം ചെയ്‌തിരിക്കുന്നത്. അങ്കണവാടികളെ ഹൈടെക് ആക്കുന്നതിനും വായനാശീലമുള തലമുറയെ വാർത്തെടുക്കുന്നതിനും ആയി ലൈബ്രറികൾക്ക് വേണ്ടി കെട്ടിടം പണിയുന്നതിനും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും കലാകായിക രംഗത്തെ പരിപോഷിപ്പിക്കുന്നതിനും,കാവുകളുടെ സംരക്ഷണത്തിനും ബജറ്റിൽ തുക നീക്കി വച്ചിട്ടുണ്ട്. 

 

ഭിന്നശേഷി സൗഹൃദം മുൻനിർത്തി സ്കോളർഷിപ്, തെറാപ്പി സെന്റർ, കലാ കായിക മേള, വിനോദ യാത്ര, ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ എന്നി പദ്ധതികൾക്കും സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് തൊഴിൽ സംരംഭങ്ങൾ, കഫെ, ജൈവ വള നിർമാണ യൂണിറ്റ്, എന്നിവക്കും തുക വകയിരുത്തിയിട്ടുണ്ട്. അയ്യായിരത്തോളം സ്ത്രീകൾക്ക് മണിക്കൂറിന് വേതനം ലഭിക്കുന്ന വിധത്തിലുള്ള നൂതന പദ്ധതിയും ബജറ്റ് മുന്നോട്ട് വയ്ക്കുന്നു. ഒഴിവ് സമയങ്ങളിൽ കൃഷി മുതൽ വയോജന പരിപാലനം വരെ ഏത് ജോലിയും തിരഞ്ഞെടുക്കാം. 

 

തൊഴിൽ ഉടമയേയും തൊഴിലാളികളെയും ബ്ലോക്ക് പഞ്ചായത്ത് നിയോഗിക്കുന്ന പ്രത്യേക സമിതി നിരന്തരം നിരീക്ഷിക്കും. ഇവർക്ക് റാങ്കിങ്ങും നിശ്ചയിക്കും. ഉത്തരവാദ തൊഴിലാണ് ഇതു വഴി ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. പദ്ധതിയിൽ ഭാഗമാകുന്നതിനായി മൊബൈൽഫോൺ ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ പട്ടിക ജാതി, വർഗ വിഭാഗങ്ങൾക്കായി മാതൃക ഗ്രാമം പദ്ധതി നടപ്പാക്കാൻ 50 ലക്ഷം രൂപ വകയിരുത്തി. ഈ വിഭാഗങ്ങളുടെ ആവാസ കേന്ദ്രങ്ങൾ വില്ലകളാക്കി മാറ്റുന്നതാണ് പദ്ധതി. ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്കായി ഡയമെഡ് പദ്ധതിയും നടപ്പിലാക്കും.

date