ഹരിതകർമ സേനാംഗങ്ങളുടെ ആരോഗ്യ സുരക്ഷ : 'ഇൻസ്പയർ' പദ്ധതി വഴി 26,223 പേർക്ക് ഇൻഷുറൻസ് പരിരക്ഷ
ഹരിതകർമ സേനാംഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയും യൂണൈറ്റഡ് ഇൻഷുറൻസ് കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന 'ഇൻസ്പയർ' ഇൻഷുറൻസ് പദ്ധതിയിൽ ഈ വർഷം അംഗങ്ങളായത് 26,223 പേർ. ഹരിത കർമസേനയിലെ അംഗങ്ങളുടെ ആരോഗ്യ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്.
പതിനെട്ടു മുതൽ എഴുപത്തഞ്ച് വയസ് വരെയുള്ളവർക്ക് അതത് സി.ഡി.എസുകൾ മുഖേന ഇൻഷുറൻസ് പദ്ധതിയിൽ ചേരാനാകും. 1,384 രൂപയാണ് വാർഷിക പ്രീമിയം. ഇതിൽ അമ്പത് ശതമാനം കുടുംബശ്രീയും അമ്പത് ശതമാനം ഹരിതകർമസേനാ കൺസോർഷ്യത്തിൽ നിന്നുമാണ് നൽകുക. ഇതു പ്രകാരം ഓരോ അംഗവും 692 രൂപ വീതം അടച്ചാൽ മതിയാകും. ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് ആകെ രണ്ടു ലക്ഷം രൂപയാണ് ചികിത്സാ ആനുകൂല്യമായി ലഭിക്കുക. നിലവിലുളള അസുഖങ്ങൾക്കും 50,000 രൂപ വരെ ചികിത്സാ ആനുകൂല്യം ലഭിക്കും. ഇതുകൂടി ചേർത്താണ് രണ്ടു ലക്ഷം രൂപ പോളിസി ഉടമയ്ക്ക് ലഭിക്കുക. കഴിഞ്ഞ വർഷം വരെ ഒരു ലക്ഷം രൂപയായിരുന്നു പദ്ധതി വഴി ലഭിച്ചിരുന്ന ചികിത്സാ ആനുകൂല്യം. ഹരിതകർമ സേനാംഗങ്ങൾക്ക് എഴുപത്തഞ്ച് വയസു വരെ പദ്ധതിയിൽ ചേർന്ന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കഴിയും.
പി.എൻ.എക്സ് 1295/2025
- Log in to post comments