തീരദേശ സുരക്ഷ: അവലോകന യോഗം ചേർന്നു
ജില്ലയിലെ തീരദേശങ്ങളുടേയും തുറമുഖങ്ങളുടെയും സുരക്ഷക്കായി സ്വീകരിച്ച നടപടികളുടെ പുരോഗതി അവലോകനം ചെയ്യാൻ ജില്ലാ കളക്ടർ എൻ.എസ്. കെ. ഉമേഷിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
ഫിഷ് ലാൻഡിങ്ങ് കേന്ദ്രങ്ങളുടെ ( എഫ്. എൽ.സി) സുരക്ഷ ശക്തമാക്കാൻ സി.സി.ടി.വി. ഉൾപ്പെടെയുടെ സംവിധാനങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ ജില്ലാ കളക്ടർ അത്തരം സംവിധാനങ്ങൾ ഇല്ലാത്തിടത്ത് അതു സ്ഥാപിക്കാൻ നിർദ്ദേശം നൽകി.
മീൻപിടിത്ത മേഖലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളിൽ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ ലേബർ ഓഫീസർക്കും ഫിഷറീസ് വകുപ്പുദ്യോഗസ്ഥർക്കും നിർദേശം നൽകി.
മീൻപിടിത്ത ബോട്ടുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് നടപ്പിലാക്കാത്ത ബോട്ടുടമകൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും, 100 ശതമാനം ബോട്ടുകളിലും ഏകീകൃത നിറം നടപ്പിലാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനും കളക്ടർ നിർദ്ദേശം നൽകി. തുറമുഖങ്ങളിലും തീര പ്രദേശങ്ങളിലും മയക്കുമരുന്നിനെതിരെയുള്ള പരിശോധനകൾ ശക്തമാക്കാനും കളക്ടർ ആവശ്യപ്പെട്ടു.
യോഗത്തിൽ ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. മീര, ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, ഐ. ബി, മറൈൻ എൻഫോഴ്സ്മെൻ്റ്, പോലീസ്, ഫിഷറീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments