Skip to main content

പൂതൃക്ക ഗ്രാമ പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു*

 

 

പൂതൃക്ക ഗ്രാമ പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടനാണ് പ്രഖ്യാപനം നടത്തിയത്. നാടിനെ മാലിന്യമുക്തമായും വൃത്തിയായും സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

 

സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്ത നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളായിരുന്നു ഈ അംഗീകാരത്തിലേക്ക് നയിച്ചത്. വൃത്തിക്കും ശുചിത്വത്തിനും പ്രാധാന്യം നൽകിയ പദ്ധതിയെ പഞ്ചായത്ത് ഭരണസമിതിയും പൊതുജനങ്ങളും ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

 

പഞ്ചായത്തിലെ 14 വാർഡുകളേയും നേരത്തെ തന്നെ മാലിന്യമുക്തമാക്കിയിരുന്നു. ഹരിത കർമ്മസേനക്ക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി മൂന്ന് മിനി എം.സി.എഫുകൾ സ്ഥാപിച്ചു. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിനായി മുഴുവൻ വാർഡുകളിലും പ്ലാസ്റ്റ്റ്റിക് ബോട്ടിൽ ബൂത്തുകളും തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷ്യ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി മുഴുവൻ അങ്കണവാടികൾക്കും ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്തിരുന്നു. പഞ്ചായത്തിലുടനീളം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനൊപ്പം കച്ചവട സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കുമെല്ലാം മാലിന്യ മുക്തമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. 

 

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി വർഗീസ് അധ്യക്ഷനായ ചടങ്ങിൽ ജില്ല പഞ്ചായത്ത് അംഗം ലിസി അലക്സ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോയ്, സ്ഥിരം സമിതി അധ്യക്ഷരായ മാത്യൂസ് കുമ്മണ്ണൂർ, ബിന്ദു ജയൻ, വാർഡ് അംഗങ്ങളായ ടി.വി രാജൻ, നിഷ സജീവ്, മോൻസി പോൾ, ശോഭന സലിപൻ, ജിൻസി മേരി വർഗീസ്, സംഗീത ഷൈൻ പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകർ തുടങ്ങിയവർ പങ്കെടുത്തു

date