Skip to main content

വനിത എക്‌സൈസ് ഓഫീസര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും -  മന്ത്രി ടി.പി. രാമകൃഷ്ണന്‍്

 

    എക്‌സൈസ് വകുപ്പില്‍ വനിതാ ഓഫീസര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് എക്‌സൈസ് - തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍.  സ്ത്രീകളും പെണ്‍കുട്ടികളും ലഹരിപദാര്‍ഥങ്ങളുടെ ഇരകളാകുന്ന ഇക്കാലത്ത് അവര്‍ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.  നിലവില്‍ 500 ല്‍ താഴെയാണ് വനിതാ ഓഫീസര്‍മാരുടെ എണ്ണം.  അതുകൊണ്ട് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്ത് അവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.  നാവായിക്കുളത്ത് വര്‍ക്കല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  
    വനിതാ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നൂറ് റെയ്ഞ്ച് ഓഫീസുകളില്‍ അവര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ സ്‌കൂട്ടറുകള്‍ ലഭ്യമാക്കി.  തുടര്‍ന്ന്   എല്ലാ റെയ്ഞ്ച് ഓഫീസുകളിലും ക്രമേണ വകുപ്പിലെ എല്ലാ വനിതാ ഓഫീസര്‍മാര്‍ക്കും സ്‌കൂട്ടറുകള്‍ നല്‍കാനുമുള്ള നടപടി സ്വീകരിക്കും.    
    ലഹരിക്ക് അടിപ്പെട്ടവരുടെ മോചനത്തിനായി ചികിത്സ, തൊഴില്‍, പുനരധിവാസം, കുടുംബസമേതം താമസം എന്നീ സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുന്ന മാതൃകാ ഡീ അഡിക്ഷന്‍ സെന്റര്‍ ഉടന്‍ ആരംഭിക്കും.  ഇതിനായി 40 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.  കൂടാതെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡീ അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.    
    സംസ്ഥാനത്ത് അബ്കാരി എന്‍..ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.  ഇത് വകുപ്പിലെ ജീവനക്കാരുടെ പ്രവര്‍ത്തനമികവിന് ഉദാഹരണമാണ്.  ഇന്ത്യയുടെ ചരിത്രത്തില്‍ത്തന്നെ ഇത്രത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിച്ച അനുഭവമുണ്ടായിട്ടില്ലെന്നും ഇത് വകുപ്പിന് അഭിനന്ദനാര്‍ഹമായ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

    മദ്യവര്‍ജ്ജനം എന്ന സര്‍ക്കാര്‍ നയം നടപ്പാക്കുന്നതിന് ശക്തമായ ബോധവത്ക്കരണം അനിവാര്യമാണ്.  ഇതിനായാണ് വിമുക്തി എന്ന ജനകീയ പദ്ധതിക്ക് രൂപം നല്‍കിയത്.  ജില്ല, ബ്ലോക്ക്, വാര്‍ഡ്, അയല്‍ക്കൂട്ട അടിസ്ഥാനത്തിലും റസിഡന്റ്‌സ് അസോസിയേഷനുകള്‍ വഴിയും കുടുംബശ്രീ യൂണിറ്റുകള്‍ മുഖേനയും ഇതിനായി ശക്തമായ ബോധവത്ക്കരണ പരിപാടികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.  സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ആറ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ രണ്ടാമത്തേതാണ് വര്‍ക്കലയിലേത്.  
    വി. ജോയി എം.എല്‍.എ അധ്യക്ഷനായ യോഗത്തില്‍ ഡോ. എ. സമ്പത്ത് എം.പി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.പി മുരളി, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ യൂസഫ്, നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടുക്കൂര്‍ ഉണ്ണി, മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രന്‍, അഡീ. എക്‌സൈസ് കമ്മിഷണര്‍ എ. വിജയന്‍, ജോയിന്റ് കമ്മിഷണര്‍ മുഹമ്മദ് സിയാദ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ. ചന്ദ്രപാലന്‍ എന്നിവര്‍ സംബന്ധിച്ചു.   
 

date