പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
*ആരോഗ്യം ,മത്സ്യബന്ധനം ,കൃഷി എന്നിവയ്ക്ക് മുൻഗണന*
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വർഷത്തെ ബജറ്റിൽ ആരോഗ്യം,ഭവനനിർമ്മാണം,മത്സ്യബന്ധനം,കാർഷികം എന്നിവയ്ക്ക് മുൻഗണന . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ ബജറ്റ് അവതരിപ്പിച്ചു.
പ്രസിഡൻ്റ് ബേബി തമ്പി ബജറ്റ് പ്രകാശനം ചെയ്തു.
ആരോഗ്യമേഖലയിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപനമായ കുമ്പളങ്ങിയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ സേവന പ്രവർത്തനങ്ങൾക്ക് വരുന്ന വർഷം 1.68 കോടി രൂപ ചെലവഴിക്കും. 24 മണിക്കൂറും ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിൻ്റെയും സേവനം ഉറപ്പാക്കാൻ 20 ലക്ഷം, സൗജന്യ മരുന്നു വിതരണത്തിനായി 15 ലക്ഷം, കിഡ്നി, ക്യാൻസർ രോഗികൾക്ക് സൗജന്യ മരുന്നു വിതരണത്തിനായി 30 ലക്ഷം, സെക്കൻഡറി പാലിയേറ്റീവ് വിഭാഗത്തിന് ഉപകരണങ്ങളും മരുന്നും വാങ്ങുന്നതിനും, രോഗികൾക്ക് പോഷകാഹാരം വിതരണം ചെയ്യുന്നതിനുമായി 21 ലക്ഷം, ഫിസിയോ തെറാപ്പി സെന്ററിലേക്ക് ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിന് 9 ലക്ഷം, പുതിയ സോളാർ പാനൽ സ്ഥാപിക്കാൻ 10 ലക്ഷം, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പുതിയ വാഹനം വാങ്ങുന്നതിന് 10 ലക്ഷം, മറ്റു ആരോഗ്യ പദ്ധതികൾക്കും, കുടുംബാരോഗ്യ കേന്ദ്രത്തിലെ മറ്റു ചെലവുകൾക്കുമായി 11 ലക്ഷം, കോൺഫറൻസ് ഹാൾ, ഐസൊലേഷൻ വാർഡ് എന്നിവയുടെ പൂർത്തീകരണത്തിനായി 42 ലക്ഷവും വകയിരുത്തി. പാർപ്പിട മേഖലയിൽ ലൈഫ് പദ്ധതിക്കും പിഎംഎവൈ പദ്ധതിക്കുമായി 1.90 കോടി ചെലവഴിക്കും.
പശ്ചാത്തല മേഖലയിൽ റോഡുകളും കാനകളും നിർമ്മിക്കുന്നതിനായി 1.11 കോടിയും പുതിയ ബ്ലോക്ക് ഓഫീസ് നിർമ്മാണത്തിനായി 1.10 കോടിയും ഉൾപ്പെടെ 2.21 കോടി രൂപ മാറ്റി വച്ചു.
പ്രാരംഭ നീക്കിയിരിപ്പ് ഉൾപ്പെടെ 20,34,05,454 രൂപ വരവും 20,27,50,358 രൂപ ചെലവും 6,55,096 രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കും, അതിദാരിദ്ര്യ ലഘൂകരണ പദ്ധതിക്കുമായി 11.22 കോടി രൂപ വകയിരുത്തി.
ഉത്പ്പാദന മേഖലയിൽ നെൽകൃഷി വികസനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 18 ലക്ഷം, മറ്റു കാർഷിക വിളകൾക്കും, കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിനും വേണ്ടി 8.60 ലക്ഷം, മൃഗസംരക്ഷണത്തിനും ക്ഷീര വികസന പ്രവർത്തനങ്ങൾക്കും മായിക 14 ലക്ഷം, മത്സ്യതൊഴിലാളികൾക്ക് വള്ളവും വലയും പദ്ധതിക്കായി 20 ലക്ഷം, ഫിഷ് ലാൻഡിംഗ് സെൻ്റർ നിർമ്മാണത്തിനായി 5 ലക്ഷം ഉൾപ്പെടെ ആകെ 66 ലക്ഷം ചെലവഴിക്കും.
വ്യവസായ മേഖലയിൽ വനിതാ ഗ്രൂപ്പുകൾക്ക് വ്യവസായ സംരംഭത്തിനായി 22 ലക്ഷവും, പട്ടികജാതി വിഭാഗത്തിൽപെടുന്ന പുരുഷ, വനിത ഗ്രൂപ്പുകൾക്ക് 28 ലക്ഷവും ഉൾപ്പെടെ 50 ലക്ഷം വകയിരുത്തി.
കുമ്പളം പഞ്ചായത്തിലെ വൃദ്ധമന്ദിര പൂർത്തീകരണത്തിനായി 8 ലക്ഷം, ഭിന്ന ശേഷി സ്കോളർഷിപ്പ് വിതരണത്തിനായി 16.50 ലക്ഷം, ഭിന്നശേഷി കലോത്സവത്തിന് 1.5 ലക്ഷം, ബഡ്സ് റീഹാബിലിറ്റേഷൻ സെൻ്ററിന് 2.40 ലക്ഷം, അങ്കണവാടികളിലേക്ക് പോഷകാഹാരം വിതരണത്തിന് 6 ലക്ഷം, അങ്കണവാടികളിലേക്ക് സാധനങ്ങൾ വാങ്ങുന്നതിന് 3 ലക്ഷം, ഭിന്നശേഷി കുട്ടികൾക്ക് ഉപകരണങ്ങൾ വാങ്ങി നൽകുന്നതിന് 15 ലക്ഷം ഉൾപ്പെടെ വൃദ്ധർ, കുട്ടികൾ ഉൾപ്പെടെ സാമൂഹ്യ ക്ഷേമ മേഖലയിൽ 53 ലക്ഷം നീക്കി വച്ചു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മാണത്തിനായി 12 ലക്ഷം, മെറിറ്റോറിയസ് സ്കോളർഷിപ്പ് വിതരണത്തിനായി 7.5 ലക്ഷം, വ്യവസായ സംരംഭങ്ങൾക്കായി 28 ലക്ഷം ഉൾപ്പെടെ പട്ടികജാതി ക്ഷേമ പദ്ധതികൾക്കായി 48 ലക്ഷം മാറ്റിവച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ വാട്ടർ കിയോസ്ക്കുകൾ സ്ഥാപിക്കുവാൻ 5 ലക്ഷം, കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ 14 ലക്ഷം, പൊതുകുളം കിണർ ശുചീകരണത്തിനായി 5 ലക്ഷം, സാനിട്ടറി നാപ്കിൻ സംസ്കരണത്തിന് ഇൻസിനറേറ്റർ സ്ഥാപിക്കുവാൻ 8 ലക്ഷം ഉൾപ്പെടെ കുടിവെള്ളവും ശുചിത്വവും മേഖലയിൽ 32 ലക്ഷം വകയിരുത്തി.
കലാകാരൻമാർക്കായി വജ്രജൂബിലി ഫെല്ലോഷിപ്പ്,കേരളോത്സവം, യുവജന ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ, യുവജന ക്ലബുകൾക്ക് സ്പോർട്സ് കിറ്റ് തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 12 ലക്ഷത്തിൻ്റെ പദ്ധതികൾക്ക് രൂപം കൊടുത്തിട്ടുണ്ട്.
- Log in to post comments