Skip to main content
ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ . പ്രസിഡന്റ് ഷീജ ശശി സംസാരിക്കുന്നു

2 മില്യണ്‍ പ്ലഡ്ജ്, മറ്റ് ബോധവത്കരണ പരിപാടികള്‍; ലഹരിക്കെതിരെ ശക്തമായ പ്രതിരോധമാകാന്‍ ജില്ലാ പഞ്ചായത്തിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍

-ആലോചന യോഗം ചേര്‍ന്നു 

സമൂഹത്തിന്റെ സര്‍വ തലങ്ങളിലുള്ളവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ വിപുലമായ പരിപാടികളുമായി ജില്ലാ പഞ്ചായത്ത്. 20 ലക്ഷം പേരെ അണിനിരത്തിക്കൊണ്ട് ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുന്ന 2 മില്യണ്‍ പ്ലഡ്ജും മറ്റ് ബോധവക്തരണ പരിപാടികളുമുള്‍പ്പെടെയുള്ള ലഹരി വിരുദ്ധ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ ആലോചനായോഗം ചേര്‍ന്നു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി അധ്യക്ഷത വഹിച്ചു. 

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാരെ പങ്കെടുപ്പിച്ച് ഏപ്രില്‍ ആദ്യവാരം യോഗം ചേരാന്‍ യോഗത്തില്‍ തീരുമാനമായി. തുടര്‍ന്ന് ജില്ലാ തലത്തിലെ ഉദ്യോഗസ്ഥരുടെ യോഗവും ചേരും. 2 മില്യണ്‍ പ്ലഡ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ പ്രത്യേക ഗ്രാമസഭ വിളിച്ചു ചേര്‍ക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം, ബഹുജന സംഘടന യോഗം, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം, ബ്ലോക്ക് അടിസ്ഥാനത്തില്‍ പഞ്ചായത്ത് മെമ്പര്‍മാരുടെ യോഗം എന്നിവ ഏപ്രില്‍ രണ്ടാം വാരത്തോടെ പൂര്‍ത്തിയാക്കും. മെയ് ആദ്യവാരം ബഹുജന കണ്‍വെന്‍ഷന്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ നിഷ പുത്തന്‍പുരയില്‍, വിപി ജമീല, പി സുരേന്ദ്രന്‍, കെ വി റീന, എ സി പി അബ്ദുല്‍ വഹാബ്, വടകര ഡിവൈ എസ് പി സുരേഷ് ബാബു, ഡയറ്റ് പ്രിന്‍സിപ്പല്‍ യു അബ്ദുല്‍ നാസര്‍, ശിശുവികസന ഓഫീസര്‍ സബീന, എക്‌സൈസ് വിമുക്തി, ആരോഗ്യ, യുവജന ക്ഷേമ വകുപ്പ്, കുടുംബശ്രീ, പിആര്‍ഡി വകുപ്പുകളുടെ പ്രതിനിധികളും സംബന്ധിച്ചു.

date