തൊഴിലിടങ്ങളിലെ മികവിനുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് പ്രഖ്യാപിച്ചു
തൊഴിലാളി, തൊഴിലുടമ ബന്ധം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിനൊപ്പം തൊഴിൽ സംരംഭക രംഗത്ത് ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ട് തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി വി ശിവൻ കുട്ടിയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.
നിർമ്മാണ മേഖലയിൽ ടാറ്റ പ്രൊജക്ട് ലിമിറ്റഡ്, തിരുവനന്തപുരവും ധനകാര്യ മേഖലയിൽ
അർത്ഥ ഫൈനാൻഷ്യൽ സർവീസസ്, കോഴിക്കോടും ഹോസ്പിറ്റൽ മേഖലയിൽ കിംസ് ഹെൽത്ത് കെയർ മാനേജ്‌മെമെന്റ് ലിമിറ്റഡ്, തിരുവനന്തപുരവും ഹോട്ടൽ മേഖലയിൽ ഹോട്ടൽ അബാദ്, എറണാകുളവും ഇൻഷുറൻസ് മേഖലയിൽ സ്റ്റാർ ഹെൽത്ത് ആന്റ് അലൈഡ് ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ് തിരുവനന്തപുരവും ഐ.ടി. മേഖലയിൽ എസ് ബി സോൾ ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എറണാകുളവും ജുവലറി മേഖലയിൽ ആലുക്കാസ് ജുവലറി കോഴിക്കോടും മെഡിക്കൽ ലാബ്, എക്സ്റേ, സ്കാനിംഗ് സെന്റർ മേഖലയിൽ ഡോക്ടർ ഗിരിജാസ് ഡയഗ്നോസ്റ്റിക് ലാബ് ആന്റ് സ്‌കാൻസ് ലിമിറ്റഡ് തിരുവനന്തപുരവും സെക്യൂരിറ്റി മേഖലയിൽ കേരള എക്‌സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷൻ എറണാകുളവും സ്റ്റാർ ഹോട്ടലുകൾ റിസോർട്ടുകൾ വിഭാഗത്തിൽ ക്രൗൺ പ്ലാസ എറണാകുളവും സൂപ്പർ മാർക്കറ്റ് വിഭാഗത്തിൽ ആഷിസ് സൂപ്പർ മെർകാട്ടോ എറണാകുളവും ടെക്സ്റ്റയിൽ മേഖലയിൽ ഇടപ്പറമ്പിൽ ടെക്സ്റ്റയിൽസ് കോട്ടയവും അവാർഡിനർഹരായി.
വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ 2025 മാർച്ച് 29 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വിതരണം ചെയ്യും. ആന്റണി രാജു എം എൽ എ അദ്ധ്യക്ഷത വഹിക്കും.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ അവാർഡുകൾ ഏർപ്പെടുത്തുന്നത്. സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ മികച്ച സ്ഥാപനങ്ങൾക്ക് ചീഫ് മിനിസ്റ്റേഴ്‌സ് എക്‌സലൻസ് അവാർഡാണ് തൊഴിൽ വകുപ്പ് നൽകി വരുന്നത്. മികച്ച തൊഴിൽ ദാതാവ്, സംതൃപ്തരായ തൊഴിലാളികൾ, മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, തൊഴിലാളികളുടെ ക്ഷേമം, തൊഴിലിടത്തിലെ സുരക്ഷ, തൊഴിൽ നിയമങ്ങളുടെ പാലനം എന്നിങ്ങിനെ വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയിട്ടാണ് വിജയികളെ കണ്ടെത്തുക. ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളിൽ എ എൽ ഒ മാരുടെ നേരിട്ടുള്ള സ്ഥലപരിശോധനയടക്കം ജില്ലാതല സംസ്ഥാന കമ്മിറ്റികളുടെ വിവിധ തലങ്ങളിലുള്ള സൂക്ഷ്മപരിശോധനകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക.
ഓട്ടോമൊബൈൽ, നിർമ്മാണം, ഫിനാൻസ്, ആശുപത്രി, ഹോട്ടൽ & റസ്റ്റോറന്റ്, ഇൻഷുറൻസ്, ഐ.റ്റി, ജുവല്ലറി, സെക്യൂരിറ്റി സ്ഥാപനങ്ങൾ, മെഡിക്കൽ ലാബ്, സ്റ്റാർ ഹോട്ടൽ & റിസോർട്ട്, സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ എന്നിങ്ങനെ 13 മേഖലകളിലെ മികച്ച സ്ഥാപനങ്ങൾക്കാണ് ഇത്തവണ മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് ലഭിച്ചത്. ആകെ രണ്ടായിരത്തി നാന്നൂറ്റി എഴുപത്തിരണ്ട് (2,472) അപേക്ഷകൾ ലഭിച്ചതായും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ് 1344/2025
- Log in to post comments