ദുരന്ത പുനരധിവാസത്തില്‍ കേരളം ലോകത്തിന് മാതൃക: മന്ത്രി കെ. രാജന്‍
ദുരന്തബാധിതരെ പലതായി പിരിക്കില്ല..........ടൗണ്‍ഷിപ്പില്‍ ഒരുമിച്ച് ജീവിക്കാം.............
ദുരന്ത പുനരധിവാസത്തില്‍ കേരളം ലോകത്തിന് മാതൃകയാണെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ലോകം കേരളത്തെ മാതൃകയാക്കും. ദുരന്തബാധിതരെ പലതായി പിരിക്കാതെ ഒരുമിച്ച് ജീവിക്കാന്‍ വീടൊരുക്കുകയാണ് ടൗണ്‍ഷിപ്പിലൂടെ. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടന്ന ടൗണ്‍ഷിപ്പ് ശിലാസ്ഥാപന പരിപാടിയില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിറഞ്ഞ മനസോടെയാണ് നാം ഒത്ത് ചേര്‍ന്നിരിക്കുന്നത്. കാലമെത്ര കഴിഞ്ഞാലും ജൂലൈ 30 മായാതെ മനസിലുണ്ടാവും. ജാതി-മത-വര്‍ണ്ണ വ്യത്യാസമില്ലാതെ ദുരന്ത നിവാരണത്തില്‍ നാം ഒന്നായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ലോകം കണ്ടതാണ്. അപ്രതീക്ഷിത ദുരന്തത്തില്‍ ചൂരല്‍മലക്ക് നഷ്ടപ്പെട്ടത് തിരികെപിടിക്കാനാണ് ഒറ്റകെട്ടായ് നാം മുന്നിട്ടിറങ്ങുന്നത്. നഷ്ടപ്പെട്ട ഭൂമി, കൃഷി, സ്‌കൂള്‍, റോഡ്, പാലം, കെട്ടിടം എന്നിവ പുനര്‍നിര്‍മ്മിക്കും. ദുരന്തത്തില്‍ നഷ്ടപ്പെട്ടവയില്‍ തിരിച്ച് പിടിക്കാന്‍ സാധ്യമാവുന്നതെല്ലാം അനുഭവങ്ങളിലൂടെ തിരിച്ച് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ദുരന്ത പ്രദേശത്തെ ഭൂമി നഷ്ടപ്പെടുത്തില്ല. കൃഷി-മൃഗ സംരക്ഷണ മേഖലയിലെ സാധ്യതകള്‍ കണ്ടെത്തി നടപ്പാക്കും. മൂന്നര കോടി ജനതയുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ ദുരന്ത നിവാരണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കിയത്. ദുരന്തത്തില്‍ അപ്രതീക്ഷിതമായി തനിച്ചായവരെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തില്ലെന്നും അവസാന ദുരന്തബാധിതരെയും പുനരധിവസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
- Log in to post comments