ധാതുലവണ വിതരണവും ക്ഷീരഗ്രാമം പഞ്ചായത്ത് തല വിതരണോദ്ഘാടനവും നടന്നു
വല്ലച്ചിറ ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികൾക്കായുള്ള ധാതുലവണ വിതരണവും ക്ഷീരഗ്രാമം പദ്ധതി പഞ്ചായത്ത് തല വിതരണോദ്ഘാടനവും നടന്നു. വല്ലച്ചിറ മൃഗാശുപത്രിയിൽ നടന്ന വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ മനോജ് ഉദ്ഘാടനം ചെയ്തു . 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.54 ലക്ഷം രൂപ വിനിയോഗിച്ച് 130 ഗുണഭോക്താക്കൾക്ക് ധാതുലവണം വിതരണം ചെയ്തു. ക്ഷീരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിന്റെ 10 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് 30000 രൂപ സബ്സിഡിയോടെ 23 പശുക്കളെയും വിതരണം ചെയ്തു.
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി കെ ശങ്കരനാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെറ്ററിനറി സർജൻ ഡോ കെ ടി ശിവദാസ് സ്വാഗതം പറഞ്ഞു. ഡയറി ഇൻസ്ട്രക്ടർ വീണ രാജൻ എം ക്ഷീരഗ്രാമം പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ സന്ധ്യ കുട്ടൻ, പി. എസ് നിഷ, വാർഡ് മെമ്പർമാരായ കെ വി പ്രിയ ചന്ദ്രൻ , ടി ബി സുബ്രമണ്യൻ, ക്ഷീര സംഘം പ്രസിഡൻ്റുമാരായ ടി എസ് ഗോപി, രത്നവല്ലി ചക്കോത്ത്, മൃഗാശുപത്രി ജീവനക്കാരായ ടി എസ് ഹുസൈൻ, എ.എസ് സതി മോൾ , കവിത, വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.
- Log in to post comments