Skip to main content

ഗിരിവർഗ്ഗ സങ്കേതങ്ങളിൽ സുഗന്ധവ്യഞ്ജന ഗ്രാമം പദ്ധതിയുമായി ജില്ലാപഞ്ചായത്ത്

ഗിരിവർഗ്ഗ സങ്കേതങ്ങളിലുള്ളവരുടെ വരുമാന വർദ്ധനവ് ലക്ഷ്യമിട്ട് എറണാകുളം ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ചിട്ടുള്ള സുഗന്ധ വ്യഞ്ജന ഗ്രാമം പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം രൂപയുടെ മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയുടെ വിത്ത് വിതരണം ഇന്ന് (ഏപ്രിൽ 4) പൊങ്ങിൻചുവട് ഗിരിവർഗ്ഗ സങ്കേതത്തിൽ നടക്കും.  

 

 ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലയിലെ 13 ഗിരിവർഗ്ഗ സങ്കേതങ്ങളിൽ സുഗന്ധവ്യഞ്ജന ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായാണ് പൊങ്ങൻ ചുവട് സങ്കേതത്തിൽ വിത്ത് വിതരണം നടക്കുന്നത്. 

 

രണ്ടാം ഘട്ടത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ 12 ഗിരിവർഗ്ഗ സങ്കേതങ്ങളിൽ മഞ്ഞൾ, ഇഞ്ചി കുരുമുളക് തുടങ്ങിയവയുടെ വിത്തുകൾ വിതരണം ചെയ്യും. 13 ഗിരിവർഗ്ഗ സങ്കേതങ്ങളിലായി 60 ഏക്കർ സ്ഥലത്താണ് സുഗന്ധവ്യഞ്ജന കൃഷിയിറക്കുന്നത്. 

 

ഭൂരിഭാഗം ഗിരിവർഗ്ഗ സങ്കേതങ്ങളിലും ഓരോ കുടുംബങ്ങൾക്കും കൃഷി ചെയ്യുന്നതിനുള്ള സ്ഥല സൗകര്യങ്ങളുണ്ടെങ്കിലും മാന്യമായ വരുമാനം ലഭിക്കുന്ന കൃഷികളൊന്നും സങ്കേതങ്ങളിൽ നടക്കുന്നില്ല. 

 

ഗിരിവർഗ്ഗസങ്കേതങ്ങളിലെ ആളുകൾ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് സുഗന്ധ വ്യഞ്ജന കൃഷി വ്യാപിപ്പിക്കുന്നതിനായി സുഗന്ധവ്യഞ്ജന ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതെന്നും ഈ പദ്ധതിയിലൂടെ ഗിരിവർഗ്ഗ സങ്കേതങ്ങളിലെ കുടുംബങ്ങൾക്ക് നല്ല വരുമാനം നേടാൻ കഴിയുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.

date