ശുചിത്വ സാഗരം സുന്ദര തീരം: മെഗാ ശുചിത്വ യജ്ഞം ഏപ്രിൽ 9ന്
ശുചിത്വ സാഗരം സുന്ദര തീരം മെഗാ ശുചിത്വ യജ്ഞം പരിപാടി ജില്ലയിൽ വിപുലമായി സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. കളക്ടറേറ്റിലെ സ്പാർക്ക് ഹാളിൽ നടന്ന ആലോചനാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ ഒൻപതിന് നടക്കുന്ന പരിപാടി കളക്ടറും എം.എൽ.എമാരായ കെ.എൻ ഉണ്ണികൃഷ്ണൻ, കെ.ജെ മാക്സി എന്നിവരുമാണ് ഉദ്ഘാടനം ചെയ്യുന്നത്. ഓരോ പഞ്ചായത്തുകളിലും പ്രദേശികമായി ജനപ്രതിനിധികൾ പരിപാടി ഉദ്ഘാടനം ചെയ്യും.
മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കടൽ തീരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനാണ് ശുചിത്വ സാഗരം സുന്ദര തീരം പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ലയിലെ 46 കിലോമീറ്റർ കടൽ തീരത്തേയും പ്രത്യേക ആക്ഷൻ പോയിൻ്റുകളായി തിരിച്ചാണ് വൃത്തിയാക്കുന്നത്. ഓരോ കിലോമീറ്റർ ദൈർഘ്യമുള്ള പോയിൻ്റുകളായാണ് തിരിച്ചിട്ടുള്ളത്.
രാവിലെ ഏഴിന് ആരംഭിച്ച് 11-ന് പൂർത്തിയാകുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓരോ ആക്ഷൻ പോയിൻ്റിലും 25 സന്നദ്ധ പ്രവർത്തകരെ വീതം. അണിനിരത്തും. എൻ.എസ്.എസ്, എൻ.സി.സി, ഹരിത കർമ്മസേന, കുടുംബശ്രീ, മത്സ്യ തൊഴിലാളികൾ തുടങ്ങിയവരാണ് യജ്ഞത്തിൻ്റെ ഭാഗമാകുന്നത്. ഇവർക്ക് വേണ്ട ടീ ഷർട്ട്, ശുചീകരണ ഉപകരണങ്ങൾ, ലഘുഭക്ഷണം തുടങ്ങിയവ നൽകും.
സംസ്ഥാനത്തെ കടൽ തീരം വൃത്തിയാക്കി സുന്ദരമാക്കുന്നതിൻ്റെ ഭാഗമായാണ് ഫിഷറീസ് വകുപ്പ് മെഗാ ശ്വചിത്വ യജ്ഞം സംഘടിപ്പിക്കുന്നത്.
യോഗത്തിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ അഷ്റഫ്, ഫിഷറീസ് അസി. ഡെപ്യൂട്ടി ഡയറക്ടർ
എം.എഫ് പോൾ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments