Skip to main content

ജില്ലയിൽ മഴക്കാല പൂർവ ശുചീകരണ- മുന്നൊരുക്ക പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു

ജില്ലയിലെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. 

 

വൈറല്‍ ഹെപ്പറ്റൈറ്റിസ് എ ഉള്‍പ്പെടെയുള്ള ജലജന്യരോഗങ്ങളുടെ വ്യാപനം തടയുന്നതിനായി വിപുലമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി പറഞ്ഞു. തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജലവിതരണ ടാങ്കര്‍ ലോറികളിലും, വീടുകളിലും പരിശോധനകള്‍ നടത്തുന്നതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗ നിരീക്ഷണം, കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിനായി ഉറവിട നശീകരണവും നിയന്ത്രണവും നിരന്തരമായി നടത്തി രോഗം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വിലയിരുത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

 

മിസ്റ്റ് പദ്ധതിയിലൂടെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ നിരീക്ഷണവും പരിശോധനയും നടത്തുന്നുണ്ടെന്ന് ഡി.എം.ഒ പറഞ്ഞു. ജില്ലയിലെ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സുകളില്‍ പകര്‍ച്ചവ്യാധികളുടെ വ്യാപനം കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനാല്‍ പരിശോധന ശക്തമാക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അഭിപ്രായപ്പെട്ടു. ഡെങ്കിപനി രോഗവ്യാപനം കൂടുതലായും കാണുന്ന കൊച്ചി കോര്‍പറേഷന്‍, തൃക്കാക്കര, കളമശ്ശേരി പ്രദേശങ്ങളിലും, ഫ്‌ളാറ്റുകളിലും വീടിനകത്തും പരിസരങ്ങളിലുമാണ് കൊതുകിന്റെ ഉറവിടങ്ങള്‍ കൂടുതലായും കാണപ്പെടുന്നത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കുന്നതിന് വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.

 

ഏപ്രില്‍ ഏഴ് ലോക ആരോഗ്യ ദിനത്തിന്റേയും, മെയ് ആറ് ലോക നഴ്സസ് ദിനത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന ആഘോഷപരിപാടികള്‍ യോഗത്തില്‍ വിശദീകരിച്ചു. 'ആരോഗ്യകരമായ തുടക്കങ്ങള്‍ പ്രതീക്ഷാ നിര്‍ഭരമായ ഭാവിക്ക് 'എന്ന പ്രമേയത്തോടെയാണ് ഈ വര്‍ഷം ലോക ആരോഗ്യ ദിനം ആഘോഷിക്കുന്നത്. മാതൃ- നവജാതശിശു ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം ലോകാരോഗ്യ ദിനം ആഘോഷിക്കുന്നത്. നമ്മുടെ നഴ്സുമാര്‍, നമ്മുടെ ഭാവി (ഔര്‍ നഴ്സസ് ഔര്‍ ഫ്യൂചര്‍) എന്നതാണ് ലോക നഴ്‌സസ് ദിനത്തിന്റെ പ്രമേയം.

 

പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നതിനായുള്ള പൊതുജനാരോഗ്യ നിയമം 2023 നെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഐ സപ്പോര്‍ട്ട് പബ്ലിക് ഹെല്‍ത്ത് ആക്ട് എന്ന കാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. കാമ്പയിന്റെ ഭാഗമായി ബോധവല്‍ക്കരണ പോസ്റ്ററുകളും പ്രചരണ വീഡിയോകളും പുറത്തിറക്കി. 

 

ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.ജി.ഗീതദേവി, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ മേഴ്സി ഗോണ്‍സല്‍വസ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, മറ്റ് ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

date