ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മാലിന്യ മുക്തമായി
മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അദ്ധ്യക്ഷയായി.
മാലിന്യമുക്ത പ്രഖ്യാപനത്തിനോടുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തിലേയും, ഗ്രാമ പഞ്ചായത്തുകളിലേയും ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, ഹരിത കര്‍മ്മസേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപകര്‍, ദേശീയ സമ്പാദ്യ പദ്ധതി ജീവനക്കാര്‍, കുടുബശ്രീ അംഗങ്ങള്‍, ഘടകസ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് മാലിന്യ മുക്ത വിളംബര റാലി നടത്തി.
ഏറ്റവും മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട ആലങ്ങാട് ഗ്രാമ പഞ്ചായത്തിന് കളക്ടര്‍ പുരസകാരം നല്‍കി. മികച്ച ഹരിത വീടായി തിരഞ്ഞെടുക്കപ്പെട്ട കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ശ്രീമന്‍നാരായണന്റെ വീട്, മികച്ച ഹരിത വിദ്യാലയമായ ആലങ്ങാട് ജമാ അത്ത് പബ്ലിക് സ്‌കൂള്‍ ,മികച്ച ഹരിത റസിഡന്റസ് അസോസിയേഷന്‍ ആയ ചങ്ങമത റസിഡന്റസ് അസോസിയേഷന്‍ കടുങ്ങല്ലൂര്‍, മികച്ച ഹരിത പൊതുയിടമായ ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ പഴന്തോട്, മികച്ച ഹരിത കര്‍മ്മ സേനയായി തിരഞ്ഞെടുത്ത ആലങ്ങാട് ഹരിതകര്‍മ്മസേന, മികച്ച ഹരിത വ്യാപാര സ്ഥാപനമായ വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ സിന്ധു ഫാര്‍മസി, മികച്ച ഹരിത വായനശാലയായ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മംഗളോദയം ലൈബ്രറി ,ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ എസ്.എന്‍ ലൈബ്രറി എന്നിവയ്ക്കും കളക്ടര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
യോഗത്തില്‍ വൈസ് പ്രസിഡന്റ് എം ആര്‍ രാധാകൃഷ്ണന്‍ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം മനാഫ് ,സുരേഷ് മുട്ടത്തില്‍, കുമാരി കൊച്ചുറാണി ജോസഫ്, സബിത നാസര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷിബു എം കെ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments