മാലിന്യമുക്ത കൊടകര : ജില്ലയിൽ ഒന്നാമതായി കൊടകര ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകൾ
മാലിന്യ മുക്ത കേരളം ജില്ലാതല പ്രഖ്യാപന വേളയിൽ പുരസ്‌കാരങ്ങളുടെ നിറവിലാണ് കൊടകര. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം നേടിയ കൊടകര ബ്ലോക്ക് പഞ്ചായത്തും മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം കൊടകര ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി.
കൊടകരയിൽ പുതുക്കാട് ടൗൺ മാലിന്യമുക്തമാക്കുന്നതിന് വേണ്ടി പൊതുജന പങ്കാളിത്തം വഴി വിദ്യാർഥികൾ, പൊതു- സ്വകാര്യ സ്ഥാപനങ്ങൾ, പഞ്ചായത്ത് എന്നിവരെ ഉൾപ്പെടുത്തി അഞ്ഞൂറിലധികം പേരുടെ സമിതി രൂപീകരിച്ചതാണ് പദ്ധതി വിജയകരമാകുവാൻ കാരണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ചന്ദ്രൻ പറഞ്ഞു. മാലിന്യമുക്ത നവകേരളത്തിനായി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലിന്യ നിർമാർജനത്തിൽ മികച്ച പരിശോധനകളും മാലിന്യ സംസ്‌കരണത്തിനായി വൈവിധ്യമാർന്ന പദ്ധതികളും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൊടകര ഗ്രാമപഞ്ചായത്ത് പുരസ്‌കാരത്തിന് അർഹമായത്.
ഹരിത മിത്രം ആപ്പ് വഴി അജൈവ മാലിന്യങ്ങളുടെ ശേഖരണം, ഹരിത കർമസേന അംഗങ്ങൾക്ക് സ്മാർട്ട് ഫോൺ അടക്കം 14000 രൂപ ശരാശരി വേതനം ഉറപ്പ് വരുത്തൽ, എം.സി.എഫുകളുടെ കൃത്യമായ പ്രവർത്തനം തുടങ്ങിയവയാണ് കൊടകര ഗ്രാമപഞ്ചായത്തിന്റെ മികച്ച നേട്ടങ്ങൾ.
- Log in to post comments