Skip to main content

അങ്കണവാടികളിലേക്ക് പുസ്തകം നല്‍കിക്കൊണ്ട് വാ.. വായിക്കാം

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അങ്കണവാടികള്‍ കേന്ദ്രീകരിച്ച് 3 ജി (ത്രീ ജനറേഷന്‍) ലൈബ്രറികള്‍ സ്ഥാപിക്കുന്ന 'വാ.. വായിക്കാം' പദ്ധതിക്ക് തുടക്കംകുറിച്ചു. പദ്ധതിയുടെ ആദ്യഘട്ട പുസ്തക ശേഖരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തൃശ്ശൂര്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വ്വഹിച്ചു. സബ് കളക്ടര്‍ അഖില്‍ വി. മേനോന് പുസ്തകങ്ങള്‍ കൈമാറിക്കൊണ്ടാണ് ജില്ലാ കളക്ടര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സിവില്‍ സ്റ്റേഷന്‍ ജീവനക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിക്കുന്നതിനായുള്ള ഈ ബുക്കത്തോണിന്റെ വിജയത്തിനായി എല്ലാവരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

'വാ.. വായിക്കാം' പദ്ധതിയിലൂടെ ജില്ലയിലെ വിവിധ അങ്കണവാടികളില്‍ ഓരോ വായനശാല എന്നതാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. കുട്ടികള്‍, മുതിര്‍ന്നവര്‍, വയോജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ തലമുറയില്‍പ്പെട്ടവരിലും വായനാശീലം വളര്‍ത്തിയെടുത്ത് വായനയെ ലഹരിയാക്കിമാറ്റുകയും എല്ലാവര്‍ക്കും സംവദിക്കുന്നതിനും സൗഹാര്‍ദ്ദപരമായ ചര്‍ച്ചകളിലൂടെ മികച്ച ആശയങ്ങള്‍ പങ്കുവെക്കുന്നതിനുള്ള ഒരു ഇടം കൂടി ഈ പദ്ധതിയിലൂടെ ഒരുക്കിക്കൊടുക്കുന്നു. വാ... വായിക്കാം' പദ്ധതിയിലേക്ക് പുസ്തകം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ 8304851680 എന്ന നമ്പറില്‍ ബന്ധപ്പെടുക.

സിവില്‍സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ വനിതാ ശിശുക്ഷേമ വകുപ്പ് മേധാവി പി. മീര, സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍, ഡിസിഐപി കോര്‍ഡിനേറ്റേര്‍സ്, ഇന്റേണ്‍സ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

date