Skip to main content
കായിക കോൺക്ലേവ്  കുതിപ്പും കിതപ്പും. കായിക വകുപ്പ് മന്ത്രി.  വി. അബ്ദുറഹ്മാൻ  ഉത്ഘാടനം ചെയ്യുന്നു

കാലിക്കറ്റ് സർവകലാശാലയിൽ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും - മന്ത്രി വി അബ്ദുറഹ്മാൻ 

സ്പോർട്സ് ലഹരിക്കെതിരെ മികച്ച പ്രതിരോധം; കായിക പ്രവൃത്തികൾ കൂടുതൽ ജനകീയമാക്കും  

കാലിക്കറ്റ് സർവകലാശാലയിൽ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. ജില്ലാ സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'കുതിപ്പും കിതപ്പും' സ്പോർട്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഒരുങ്ങുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ ലോകോത്തര നിലവാരത്തിലുള്ള അക്കാദമിക പരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ കായിക പരിശീലകരുടെ കുറവ് പരിഹരിക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ഫലപ്രദ മാർഗ്ഗങ്ങൾ തേടും. എല്ലാ കായിക ഇനങ്ങൾക്കുമുള്ള ഡിപ്ലോമ കോഴ്‌സുകളിലൂടെ സർട്ടിഫിക്കേഷൻ ഏർപ്പെടുത്തും. പരിശീലകരെ പരിശീലിപ്പിക്കുന്ന കോഴ്സുകൾക്ക് രൂപം നൽകും. 

സ്പോർട്സ് സ്കൂളുകളിലെ സിലബസ് വിപുലപ്പെടുത്തും. കായിക മേഖലയിൽ അക്കാദമിക നിലവാരത്തിൽ ബിരുദാനന്തര ബിരുദം വരെയുള്ള തുടർപഠനം ഇൻസ്റ്റിറ്റ്യൂട്ടുകളിലൂടെ സാധ്യമാക്കും. യുവജനങ്ങളെയും ചെറുപ്പക്കാരെയും പരിശീലക മേഖലയിലേക്ക് ആകർഷിക്കും. പരിശീലകർക്ക് സർട്ടിഫിക്കേഷൻ ഏർപ്പെടുത്തി, കൂടുതൽ വ്യവസ്ഥാപിതമാക്കുമെന്നും മന്ത്രി പറഞ്ഞു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് സ്പോർട്സ് സയൻസ്, എഞ്ചിനീയറിംഗ്, മാനേജ്മെൻ്റ് തുടങ്ങി പുതിയ അഞ്ച് കോഴ്സുകൾ ആരംഭിക്കും. ലഹരിക്കെതിരെ കായികം മികച്ച പ്രതിരോധ മാർഗ്ഗമാണ്. കായിക മേഖലയുടെ വ്യാപനത്തിലും പൊതുജന പിന്തുണ തേടിയും കൂടുതൽ ജനകീയമാക്കുന്നതിനുള്ള പദ്ധതി പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ കാലത്തേക്ക് വേണ്ടിയാണ് സംസ്ഥാനത്തെ കായിക രംഗം തയ്യാറെടുക്കുന്നത്. കായിക രംഗത്തും കേരള മോഡൽ ചർച്ചയാവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുഴുവൻ പഞ്ചായത്തിലും ഒരു കളിക്കളം, പഞ്ചായത്ത് തല സ്പോർട്സ് കൗൺസിൽ, സമ്പൂർണ്ണ കായിക ക്ഷമത പദ്ധതി, ഹെൽത്തി കിഡ്സ്, ഇ സർട്ടിഫിക്കേഷൻ സംവിധാനം, സ്പോർട്സ് ഇക്കണോമി തുടങ്ങിയവ ഈ രംഗത്ത് കരസ്ഥമാക്കിയ അഭിമാന നേട്ടങ്ങളാണ്. 

കൗൺസിലിൻ്റെയും സ്പോർട്സ് ഡയറക്ടറേറ്റിൻ്റെയും പ്രവർത്തനങ്ങളിൽ ഫലപ്രദമായ ഏകോപനം സാധ്യമാക്കും. വകുപ്പിൻ്റെയും കൗൺസിലിൻ്റെയും പ്രവർത്തനങ്ങളിൽ കായിക മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകും. ജില്ലാ സ്പോർട്സ് കൗൺസിലുകളുടെ നേതൃത്വത്തിൽ പഞ്ചായത്ത് തല സ്പോർട്സ് കൗൺസിലുകൾ ശക്തിപ്പെടുത്തും. അവയുടെ തുടർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നടത്തി, കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പശ്ചാത്തല വികസന മേഖലയിലും വലിയ നേട്ടങ്ങൾ ഇതിനകം സാധ്യമാക്കാനായിട്ടുണ്ട്. കായിക അക്കാദമികളും വർദ്ധിപ്പിക്കുകയാണ്. ആധുനികവത്കരണം സാധ്യമായ എല്ലാ മേഖലയിലും അത് നടപ്പിലാക്കി വരുന്നുണ്ട്. 

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ രാജഗോപാൽ അദ്ധ്യക്ഷനായി. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലി മുഖ്യാതിഥിയായി. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ മോഡറേറ്ററായി. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ പി മുഹമ്മദ്, സെക്രട്ടറി പികെ സജിത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് റോയ് വി ജോൺ, മാധ്യമ പ്രവർത്തകരായ സനിൽ പി തോമസ്, സായ് ഡോ. ജി കിഷോർ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് ടിപി ദാസൻ എന്നിവർ വിഷയാവതരണം നടത്തി.

date