സാഹസിക കായിക വിനോദപ്രേമികൾക്ക് ആവേശമായി അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതൽ
# ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമായി 70 അത്‌ലറ്റുകള്‍ പങ്കെടുക്കും#
സര്‍ഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ, ഇന്ത്യയിലെ പ്രധാന സര്‍ഫ് കേന്ദ്രമാക്കുന്നതിനും ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതല്‍ 13വരെ വര്‍ക്കല ഇടവ, വെറ്റക്കട ബീച്ചുകളിൽ നടക്കും. ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമായി 70 അത്‌ലറ്റുകള്‍ പങ്കെടുക്കും.
ഏപ്രിൽ 11 മതൽ 13വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് മത്സരങ്ങൾ നടത്തുന്നത്. വിജയികൾക്ക് രണ്ട് ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഇന്റര്‍നാഷണല്‍ വുമണ്‍സ് ഓപ്പണ്‍, ഇന്റര്‍നാഷണല്‍ മെന്‍സ് ഓപ്പണ്‍, നാഷണല്‍ വുമണ്‍സ് ഓപ്പണ്‍, നാഷണല്‍ മെന്‍സ് ഓപ്പണ്‍, നാഷണല്‍ ഗ്രോംസ് 16 ആന്റ് അണ്ടര്‍ ഗേള്‍സ്, നാഷണല്‍ ഗ്രോംസ് 16 ആന്റ് അണ്ടര്‍ ബോയ്‌സ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
സര്‍ഫിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഏപ്രില്‍ 10ന് വൈകീട്ട് 4ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. വി.ജോയി എംഎല്‍എ അധ്യക്ഷത വഹിക്കും. എംപിമാരായ അടൂര്‍ പ്രകാശ്, എ എ റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം ലാജി, ജില്ലാ കളക്ടര്‍ അനു കുമാരി, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, തിരുവനന്തപുരം ഡി.ടി.പി.സിയുമായി സഹകരിച്ച് സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സര്‍ഫിംഗ് അസോസിയേഷന്‍ എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
- Log in to post comments