Skip to main content

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെ 'നിധി' പോലെ കാത്ത് സര്‍ക്കാര്‍

കുഞ്ഞിന് പേരിട്ട് ആരോഗ്യ വകുപ്പ് മന്ത്രി, കുഞ്ഞ് നാളെ ആശുപത്രി വിടും*

 

തിരുവനന്തപുരം: ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ആരോഗ്യവതിയാണ്. ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം നാളെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. ആശുപത്രി സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥന മാനിച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന് 'നിധി' എന്ന് പേരിട്ടു. ഓരോ കുഞ്ഞും അമൂല്യ സമ്പത്താണ്, ഈ മകളും. അതുകൊണ്ടുതന്നെയാണ് 'നിധി' എന്ന പേരിട്ടത്.

 

കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍, പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനില്‍ വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഒരു കിലോയില്‍ താഴെ മാത്രം ഭാരമുള്ളതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ അവര്‍ സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവിലേയ്ക്ക് മാറ്റി. പിന്നീട് അച്ഛനേയും അമ്മയേയും കാണാതെയായി. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കി. കുഞ്ഞിന്റെ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചെലവായ തുക ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിശ്ചയിക്കുന്ന പ്രകാരം വനിത ശിശുവികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കാനും തീരുമാനിച്ചു.

 

എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റിലെ എല്ലാവരുടേയും പൊന്നോമനയാണ് 'നിധി' ഇന്ന്. ഇവിടെ എത്തിക്കുമ്പോള്‍ 950 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. ഒരാഴ്ചയോളം കുഞ്ഞിന് ഓക്‌സിജന്‍ നല്‍കിയിരുന്നു. അനീമിയ ഉണ്ടായിരുന്നതിനാല്‍ രണ്ട് പ്രാവശ്യം രക്തം നല്‍കി. ആശുപത്രിയിലെ മില്‍ക്ക് ബാങ്കില്‍ നിന്നും കുഞ്ഞിനാവശ്യമായ മുലപ്പാല്‍ നല്‍കുന്നുണ്ട്. പൂര്‍ണ ആരോഗ്യവതിയായ കുഞ്ഞിനിപ്പോള്‍ മള്‍ട്ടി വിറ്റാമിനും അയണ്‍ ഡ്രോപ്‌സും മാത്രമാണ് നല്‍കുന്നത്. ഇപ്പോള്‍ കുഞ്ഞിന് 37 ആഴ്ച പ്രായവും രണ്ടര കിലോ തൂക്കവുമണ്ട്. സാധാരണ കുട്ടികളെ പോലെ പാല്‍ കുടിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറുന്നത്.

 

ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായുടെ ഏകോപനത്തില്‍ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വിനീത, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. വിജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ടീം എന്നിവരാണ് കുഞ്ഞിനെ ചികിത്സിച്ചത്. ബന്ധുക്കളാരും ഇല്ലാത്തതിനാല്‍ കുഞ്ഞിന്റെ പ്രത്യേക പരിചരണം നടത്തിയത് ന്യൂബോണ്‍ കെയറിലെ നഴ്‌സുമാരാണ്. വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരുടെ പിന്തുണയുമുണ്ടായിരുന്നു. കുഞ്ഞിന് മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കിയ എറണാകുളം ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.

date