Skip to main content

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ തൃശ്ശൂരിന് മൂന്നാം സ്ഥാനം

മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ തൃശ്ശൂര്‍ ജില്ല സംസ്ഥാനത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജൈവ-അജൈവ മാലിന്യ സംസ്‌കരണം, ദ്രവമാലിന്യ സംസ്‌കരണം, എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍, ഹരിത പദവി, വിവിധതരം മാലിന്യ സംസ്‌കരണ പദ്ധതികളുടെ നടപ്പിലാക്കല്‍, ഹരിത കര്‍മ്മ സേനയുടെ സേവനം 100 ശതമാനം എത്തിക്കല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ജില്ലയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചത്.

ഒന്നാം സ്ഥാനം കണ്ണൂര്‍ ജില്ലയ്ക്കും രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലയ്ക്കും ലഭിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 'വൃത്തി' ക്ലീന്‍ കേരള കോണ്‍ക്ലേവില്‍ നടത്തിയ പുരസ്‌കാര വിതരണത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

മാലിന്യ പരിപാലന രംഗത്ത് നിയമലംഘനങ്ങള്‍ക്കെതിരെ സംസ്ഥാനതലത്തില്‍ ഏറ്റവും കാര്യക്ഷമമായ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ നടത്തിയത് തൃശ്ശൂര്‍ ജില്ലയിലാണ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാതലത്തിലും കോര്‍പ്പറേഷന്‍ തലത്തിലും ഏഴ് നഗരസഭാതലത്തിലും 16 ബ്ലോക്ക് പഞ്ചായത്ത് തലത്തിലും 86 ഗ്രാമപഞ്ചായത്ത്തലത്തിലും 1795 വാര്‍ഡ്, കൗണ്‍സില്‍ തലങ്ങളിലും നിര്‍വ്വഹണ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.  

ജൈവ-അജൈവ മാലിന്യ പരിപാലനത്തിലും ദ്രവമാലിന്യ പരിപാലനത്തിലും സ്‌പെഷ്യല്‍ മാലിന്യ പരിപാലനത്തിലും ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍, ടൗണുകള്‍, പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവയെല്ലാം നൂറ് ശതമാനം മാലിന്യമുക്തമാക്കികൊണ്ടാണ് ജില്ല ഹരിത പദവി നേടിയത്.

date