മഴക്കാല മുന്നൊരുക്കം: കളക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 30 നകം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജലസേചന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവര്‍ക്കാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. നഗര മേഖലകളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രെയ്നേജ്, തോടുകള്‍, ഓടകള്‍, കള്‍വര്‍ട്ടുകള്‍, കനാലുകള്‍, പുഴകള്‍, മറ്റ് ജലസേചന സംവിധാനങ്ങള്‍ എന്നിവയിലെ തടസ്സങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികളുടെ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു.
സീറോ വെയ്സ്റ്റ് ദിനാചരണത്തിന്റെ ഭാഗമായി ഖരമാലിന്യ നിര്‍മാര്‍ജ്ജനം പൂര്‍ത്തീകരിച്ചതായി തദ്ദേശസ്വയംഭരണവകുപ്പ് അറിയിച്ചു. ഏപ്രില്‍ 30 നകം ഓടകള്‍ വൃത്തിയാക്കുന്നത് പൂര്‍ത്തിയാക്കും. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കി. കനാലുകളെല്ലാം വൃത്തിയാക്കി കഴിഞ്ഞതായി മേജര്‍ ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു. ഭൂരിഭാഗം ഷട്ടറുകളും തുറന്നിരിക്കുകയാണ്. ഏപ്രില്‍ 24, 25 തീയതികളില്‍ മഴക്കാല പൂര്‍വ്വ പരിശോധന നടത്തും.
ഡാമുകളുടെ റൂള്‍ കര്‍വ് കര്‍ശ്ശനമായി പാലിക്കണമെന്ന് കളക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യമുണ്ടായാല്‍ പൊതുജനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് വിവരം കൈമാറുന്നതിനുവേണ്ടി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടേയും ഫോണ്‍ നമ്പറുകള്‍ അണക്കെട്ടുകളുടെ സമീപ പ്രദേശങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും കളക്ടര്‍ ആവശ്യപ്പെട്ടു.
നഗരപരിധിയിലെ തോടുകള്‍ വൃത്തിയാക്കുന്നത് പുരോഗമിക്കുകയാണെന്ന് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കി പ്രവൃത്തികള്‍ വേഗത്തില്‍ തീര്‍ക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. മഴക്കാലത്തിന് മുന്നോടിയായി പാതയോരങ്ങളിലും, സ്വകാര്യ ഭൂമിയിലും, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെ സമീപപ്രദേശങ്ങളിലും അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഏപ്രില്‍ 30 നകം ദേശീയപാതയുടെ അരികിലുള്ള ഡ്രെയിനേജുകളുടെ പ്രവൃത്തികളും 70 ശതമാനത്തോളം പൂര്‍ത്തിയാക്കും. വെള്ളക്കെട്ട് ഉണ്ടായാല്‍ പരിഹരിക്കാന്‍ സ്‌പെഷ്യല്‍ ടീമിനെ തയ്യാറാക്കി. മണ്ണൂത്തി-അങ്കമാലി റീച്ചില്‍ 45 കള്‍വര്‍ട്ടുകളും ഒമ്പത് കിലോമീറ്ററോളം ഡ്രെയിനേജുകളും വൃത്തിയാക്കി.
കെ.എസ്.ടി.പി റോഡുകളില്‍ അപകടം ഒഴിവാക്കുന്നതിന്റെ സൈന്‍ ബോര്‍ഡുകള്‍ വയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ സബ് കളക്ടറെ ചുമതലപ്പെടുത്തി.
താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പ് നടത്തുതിന് സ്ഥലം കണ്ടെത്തിയതായി തഹസില്‍ദാര്‍മാര്‍ യോഗത്തില്‍ അറിയിച്ചു. അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയതായി ജില്ലാ സപ്ലൈ ഓഫീസറും അറിയിച്ചു.
നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന റോഡുകളില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തണമെന്ന് ആര്‍.ടി.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. അപകടരമായ ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ നീക്കണം. ഉപയോഗശൂന്യമായ പാറമടകളില്‍ ഫെന്‍സിങ് ചെയ്ത് സുരക്ഷതമാക്കണം.
കളക്ട്രേറ്റ് എക്സിക്യുട്ടീവ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ (ഡി.എം) സി.എസ് സ്മിത റാണി, യമുനാദേവി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments