കേരളോത്സവം: തൃശ്ശൂർ ജില്ല ജേതാക്കൾ
കല, കായിക വിഭാഗങ്ങളിൽ ഒന്നാം സ്ഥാനത്തോടെയാണ് കിരീടം
ആരവങ്ങൾ നിറഞ്ഞ കലാകായിക മാമാങ്കത്തിന് അരങ്ങൊഴിയുമ്പോൾ കേരളോത്സവത്തിൽ ജേതാക്കളായി തൃശ്ശൂർ ജില്ല. 546 പോയിന്റുമായാണ് തൃശ്ശൂർ ജില്ല ടീം ഓവറോൾ കിരീടം നേടിയത്. രണ്ടാംസ്ഥാനത്തെത്തിയ കണ്ണൂർ ജില്ല 431 പോയിന്റ് സ്വന്തമാക്കി. 416 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് മൂന്നാമത്. കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ വിജയികൾക്ക് കിരീടങ്ങൾ സമ്മാനിച്ചു.
കല, കായിക വിഭാഗങ്ങളിൽ ഒന്നാം സ്ഥാനത്തോടെ വ്യക്തമായ മുൻതൂക്കം നേടിയാണ് തൃശ്ശൂർ ജില്ല കിരീടം സ്വന്തമാക്കിയത്. കലാ മത്സരങ്ങളിൽ നിന്നായി 346 പോയിന്റും കായിക വിഭാഗത്തിൽ 172 പോയിന്റുമാണ് നേടിയത്. കാസർകോട് നെഹ്റു ബാലവേദി ആന്റ് സർഗ്ഗവേദി, കോട്ടയം ചങ്ങനാശ്ശേരി യുവ ക്ലബ്, തൃശ്ശൂർ നെട്ടിശ്ശേരി, സോക്‌സർസിറ്റി എഫ്.സി എന്നിവയാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ ക്ലബ്ബുകൾ.
കൊല്ലം സ്വദേശിയായ പി ആനന്ദ് ഭൈരവ് ശർമയാണ് കലാപ്രതിഭ. കാസർകോട് നിന്നുള്ള കെ.വി. നന്ദന, കൊല്ലത്ത് നിന്നുള്ള ആർ അഭിലക്ഷ്‌മി, പാർവ്വതി എസ്. ഉദയൻ എന്നിവർ കലാ തിലകത്തിന് അർഹരായി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കാസർകോട് സ്വദേശി ഹസ്സൻ ഷമാസും പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാട് നിന്നുള്ള കെ.ആർ. അമൃത, വി. അഞ്ജന എന്നിവരും കായിക പ്രതിഭകളായി. കൊല്ലം സ്വദേശിയായ ശിവപ്രസാദ് പി പ്രസാദും, പാലക്കാട് സ്വദേശിനി ജി. ഗായത്രിയും യഥാക്രമം പുരുഷ, വനിത വിഭാഗങ്ങളിൽ കായിക പ്രതിഭകളായി.
ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവജനങ്ങൾക്കുള്ള യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭ പുരസ്കാരങ്ങൾ സമ്മാനിച്ചു. ജെ. ജ്ഞാന ശരവണൻ (കൃഷി), കെ.എൻ അൻസിയ (സംരംഭകത്വം), കെ.എ ഐശ്വര്യ (കല), അരുണിമ കൃഷ്ണൻ (ദൃശ്യ മാധ്യമ പ്രവർത്തനം) ആർ. റോഷൻ (പത്രപ്രവർത്തനം), പ്രിൻസ് ജോൺ (സാഹിത്യം), ബി. മുഹമ്മദ് ഷമീർ (സാമൂഹ്യ പ്രവർത്തനം), ഷിനു ചൊവ്വ (കായികം), പി.വി അനഘ (കായികം), ഡി ദേവ പ്രിയ (കായികം) എന്നിവർക്കാണ് യുവ പ്രതിഭാ പുരസ്കാരങ്ങൾ ലഭിച്ചത്. സംസ്ഥാന ജില്ല തലങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച ക്ലബ്ബുകൾക്കും പുരസ്കാരങ്ങൾ നൽകി. വിവിധ മേഖലകളിൽ ശ്രദ്ധേയരായ കോതമംഗലം നിവാസികളെയും ചടങ്ങിൽ ആദരിച്ചു.
- Log in to post comments