Skip to main content
വടകര ജില്ലാ ആശുപത്രി ഫേസ്  ll ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

അശാസ്ത്രീയ പ്രവണതകൾ പ്രചരിപ്പിക്കുന്നവർ സാമൂഹിക ദ്രോഹികൾ- മുഖ്യമന്ത്രി പിണറായി വിജയൻ

വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട കെട്ടിട നിര്‍മാണ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവ്വഹിച്ചു

ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളുള്ള ആറുനില കെട്ടിടം

സമൂഹത്തിൽ അശാസ്ത്രീയ പ്രവണതകൾ പ്രചരിപ്പിക്കുന്നവരെ സാമൂഹിക ദ്രോഹികളായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  അശാസ്ത്രീയ പ്രചാരണങ്ങളിലൂടെ നാട് കൈവരിച്ച ശാസ്ത്ര മികവിന് വിപരീതമായ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്സിൻ വിരുദ്ധത, ഗർഭകാല - പ്രസവ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള വിമുഖത എന്നിവ ഗൗരവമായി കാണും. സാങ്കേതിക മികവിൽ ആധുനിക വൈദ്യശാസ്ത്രം ഇത്ര കണ്ട് പുരോഗമിച്ച കാലത്തും അതിൻ്റെ ഗുണം അനുഭവിക്കാൻ വിസമ്മതിക്കുന്നത്
ജീവൻ അവഹരിക്കുന്നതിലേക്കാണ് നയിക്കുന്നത്.  ഇത്തരം പ്രവണതകൾ സമൂഹത്തിന് വലിയ ദോഷമാണ് വരുത്തി വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റാൻ ഉദ്ദേശിച്ച 886 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 674  എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്താൻ സാധിച്ചു. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത്ലാബ്, ഇൻ്റെൻസീവ് കെയർ യൂണിറ്റ് എന്നിവ സജ്ജീകരിക്കാൻ കഴിഞ്ഞു. താലൂക്ക് ആശുപത്രികളിൽ  44 അധിക ഡയാലീസ് സെൻ്ററുകൾ, 83 താലൂക്ക് ആശുപത്രിയിൽ ഡയാലിസ് കേന്ദ്രങ്ങൾ, ജീവിത ശൈലി രോഗങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ക്യാമ്പയിനുകൾ, കാൻസർ ചികിത്സക്കായി അഞ്ച് മെഡിക്കൽ കോളേജുകളിൽ കാൻസർ സെന്ററുകൾ, 105 തസ്തികകൾ  എന്നിവ സർക്കാർ സൃഷ്ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളിലെ ഹൃദ്രോഗങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നതിന് ആരംഭിച്ച ഹൃദ്യം പദ്ധതി വഴി 1300 ൽ അധികം ശാസ്ത്രക്രിയകൾ നടത്തി. 43 ലക്ഷം കുടുംബങ്ങളെ  
കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാക്കി. ഓരോ വർഷവും അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയായ പുതിയ ഇൻഷൂറൻസ് പദ്ധതി ആരംഭിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

25 ശതമാനത്തിൽ അധികം ന്യൂനപക്ഷങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ സർക്കാർ അംഗീകരിക്കുന്ന ഏത്  ഏജൻസികളെയും ഉപയോഗിച്ച് അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൻ്റെ പിന്തുണയുണ്ടാകുമെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായി സംസാരിച്ച
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. മന്ത്രിമാരായ വീണ ജോര്‍ജ്, പി എ മുഹമ്മദ് റിയാസ്  എന്നിവർ മുഖ്യാതിഥികളായി. 

കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി പി നിഷ , കെ വി റീന, വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, വാർഡ് കൗൺസിലർ സി വി അജിത, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി അബ്ദുൾ നാസർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി ജി അജേഷ് തുടങ്ങിയവർ സംസാരിച്ചു.

വടകരയിൽ ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളുള്ള ആറുനില കെട്ടിടം 

ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം (പിഎംജെവികെ )പ്രകാരം  വടകര ജില്ലാ ആശുപത്രിയിൽ ഒരുങ്ങുക അത്യാധുനിക സൗകര്യങ്ങളുള്ള ആറുനില കെട്ടിടം.

83.08 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഇതിൽ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും. 14,329.08 ചതുരശ്ര മീറ്ററില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് ആശുപത്രി സമുച്ചയം നിർമ്മിക്കുന്നത്. ആറ് ഓപ്പറേഷന്‍ തിയ്യേറ്ററുകള്‍, 123 കിടക്കകളുള്ള പുരുഷ-വനിതാ വാര്‍ഡുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍,  22 കിടക്കകളുള്ള എസ് ഐ സി യു, 14 കിടക്കകളുള്ള പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡ്, 25 കിടക്കകളുള്ള എമര്‍ജന്‍സി കെയര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. പദ്ധതിയില്‍ ബേസ്‌മെന്റ് ഫ്‌ലോറിലും പുറത്തുമായി 294 വാഹനങ്ങൾക്കുള്ള പാര്‍ക്കിംഗ് സൗകര്യം, രോഗികള്‍ക്കും ജീവനക്കാര്‍ക്കും സഞ്ചരിക്കാന്‍ ആറ് ലിഫ്റ്റുകള്‍, കാത്തിരിപ്പ് സ്ഥലം, സ്റ്റോറേജ് സംവിധാനമുള്ള ഫാര്‍മസി, വലിയ കാത്തിരിപ്പ് സ്ഥലമുള്ള 24 ഒ പി മുറികള്‍, നൂതന ലാബ്-റേഡിയോളജി വകുപ്പ്, രക്തബാങ്ക് യൂണിറ്റ്, ഓഫീസുകളും കോണ്‍ഫറന്‍സ് ഹാള്‍ സൗകര്യങ്ങളുമുള്ള അഡ്മിനിസ്‌ട്രേഷന്‍ ഏരിയ, അടുക്കള, ഡൈനിംഗ് സൗകര്യങ്ങള്‍, നൂതന സിഎസ്എസ്ഡി യൂണിറ്റ്, മലിനജല സംസ്‌കരണ പ്ലാന്റിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയും പുതിയ കെട്ടിടത്തിൽ ഉള്‍പ്പെടുന്നുണ്ട്.

date