Skip to main content
കുടുംബശ്രീ ജില്ലാമിഷൻ്റെ ആഭിമുഖ്യത്തിൽ  ആരംഭിക്കുന്ന  പ്രീമിയം കഫെ കൊയിലാണ്ടിയിൽ  വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു

ജില്ലയിലെ ആദ്യ പ്രീമിയം കഫെക്ക് കൊയിലാണ്ടിയിൽ തുടക്കം

മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

ജില്ലയിലെ ആദ്യ പ്രീമിയം കഫെക്ക് കൊയിലാണ്ടിയിൽ തുടക്കം

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫെ റസ്റ്റോറന്റ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ കുടുബശ്രീ ആരംഭിക്കുന്ന ആദ്യത്തെ പ്രീമിയം കഫെയാണ് കൊയിലാണ്ടിയിലേത്. തനത് ഭക്ഷണ രീതിക്കൊപ്പം ജനങ്ങൾക്കിഷ്ടപ്പെട്ട രുചിയിൽ ഇഷ്ടപ്പെട്ട വിഭവങ്ങളും ലഭ്യമാക്കുകയാണ് പ്രീമിയം റസ്റ്റോറന്റ് വഴി ലക്ഷ്യമിടുന്നത്. 

കുടുംബശ്രീയുടെ സ്വന്തം ബ്രാൻഡ് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിൻ്റെ പിന്തുണയോടെയാണ് കഫേ കുടുംബശ്രീ റസ്റ്റോറന്റുകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.     

കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന്  എതിർവശത്തുള്ള പി. എം.ആർ കോംപ്ലക്സിലാണ് റസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ രാത്രി 11 മണിവരെ തുറന്ന് പ്രവർത്തിക്കും. സാധാരണ വിഭവങ്ങളോടൊപ്പം കറുത്തമ്മ മീൻ കറി, കരിംജീരകക്കോഴി തുടങ്ങിയ സ്പെഷ്യൽ വിഭവങ്ങളും വിവിധ തരം ബെറി, ഷേക്, ജ്യൂസുകൾ എന്നിവയും ലഭിക്കും. കൊയിലാണ്ടി മിനി സദ്യ പ്രത്യേക ആകർഷണമാകും. അതിഥി സൽക്കാര മേഖലയിലെ കുടുംബശ്രീ പരിശീലന ഗവേഷണ സ്ഥാപനമായ അദേഭ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസർച്ച് ആൻ്റ് മാനേജ്മെൻ്റി (ഐഫ്രം)ൻ്റെ സാങ്കേതിക സഹായത്തോടെയാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 

കെ ഗിരിജ, സി പി ശ്രീജിഷ, പി പി വീണ എന്നീ സംരംഭകർ ചേർന്നാണ് കഫേയ്ക്ക് രൂപം നൽകിയത്. ഇതിന് പുറമെ 11 സർവ്വീസ് സ്റ്റാഫും യൂണിറ്റിൽ  പ്രവർത്തിക്കുന്നു. കേറ്ററിംഗ് സർവീസുകൾ, പാർട്ടി ഓർഡറുകൾ മീറ്റിങ്ങുകൾ, ഹോം ഡെലിവറി തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും. ഒരേ സമയം 50 പേർക്ക് ഭക്ഷണം കഴിക്കാനാകും. ഈ സാമ്പത്തിക വർഷം ഒന്നര കോടി രൂപയുടെ വിറ്റുവരവാണ് യുണിറ്റ് ലക്ഷ്യമിടുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രീമിയം ഹോട്ടലുകൾക്ക് സമാനമായ സൗകര്യങ്ങൾ ഒരുക്കി ധാരാളം പുതിയ  ഉപഭോക്താക്കളെ സംരംഭത്തിലേക്ക് ആകർഷിക്കാനുള്ള പ്രവർത്തങ്ങളാണ് നടന്നു വരുന്നത്. ഇതിലൂടെ സംരംഭകർക്ക് സുസ്ഥിരമായ വരുമാനം ഉറപ്പുവരുത്താൻ കഴിയുമെന്നാണ് ജില്ലാ മിഷൻ പ്രതീക്ഷിക്കുന്നത്.

ചടങ്ങിൽ കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ ഷിജു മാസ്റ്റർ, ഇ കെ അജിത്ത്, ഇന്ദിര ടീച്ചർ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി സി കവിത, സി.ഡി.എസ് ചെയർപേഴ്സൻമാരായ എം പി ഇന്ദുലേഖ, കെ കെ വിബിന തുടങ്ങിയവർ പങ്കെടുത്തു.

date