വിജ്ഞാനത്തിന്റെ ചിറകിലേറാൻ പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണം പുരോഗമിക്കുന്നു
വൈജ്ഞാനിക മുന്നേറ്റത്തിന്റെ ഭാഗമായി ധർമ്മടം മണ്ഡലത്തിലെ പിണറായി വില്ലേജിൽ 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചെലവിൽ സമഗ്ര വിദ്യാഭ്യാസ സമുച്ചയം പിണറായി എജുക്കേഷൻ ഹബ് നിർമ്മാണം പുരോഗമിക്കുന്നു. 2024 ആഗസ്റ്റ് 23ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട ഈ പദ്ധതി കിഫ്ബി ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്. ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ആൻഡ് ടെക്നോളജി, ഗവ. പോളിടെക്നിക് കോളേജ്, ഗവ. ഐടിഐ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (കെഐഎച്ച്എം), സിവിൽ സർവീസ് അക്കാദമി എന്നിവയാണ് പിണറായി എജുക്കേഷൻ ഹബിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ അടിസ്ഥാന വികസന സൗകര്യങ്ങളായ വെൽകം സെന്റർ, 20 മുറികളുള്ള അതിഥി മന്ദിരം, കാന്റീൻ, 300 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്റ്റൽ, പൊതുലൈബ്രറി, കുളം പുനരുജ്ജീവനം, വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട രണ്ട് സർവീസ് കെട്ടിടങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. 20 കെഎൽഡി ശേഷിയുള്ള കോമൺ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മൂന്നേക്കർ വിസ്തൃതിയിലുള്ള ജൈവ വൈവിധ്യ പാർക്ക് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പദ്ധതി ഭൂമിയോട് ചേർന്ന് പിണറായി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, 2000 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും നിർമിക്കുന്നുണ്ട്.
പദ്ധതിയുടെ ഏകോപനച്ചുമതല ഐ എച്ച് ആർ ഡിക്കും നിർമാണ മേൽനോട്ടം കെ എസ് ഐ ടി ഐ എല്ലിനുമാണ്. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ ഭൂമിയും പദ്ധതിയുടെ നടത്തിപ്പിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറി. നവീനമായ പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഒറ്റ ക്യാമ്പസിൽ ലഭ്യമാക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമാണ്. രാജ്യത്തിനകത്തും പുറത്തും നിന്ന് വിദ്യാർഥികളെ ആകർഷിക്കാൻ കഴിയുന്ന നിലയിലേക്ക് വളരാനുള്ള എല്ലാ അനുകൂല ഘടകങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. 2026 മാർച്ചിൽ നിർമ്മാണം പൂർത്തിയാകുന്ന രീതിയിലാണ് പ്രവർത്തനം. മൂന്നേക്കർ വിസ്തൃതിയുള്ള ബയോ ഡൈവേഴ്സിറ്റി പാർക്കും പുനർജീവിപ്പിച്ച കുളവും 250 കിലോ ലിറ്റർ ശേഷിയുള്ള പൊതു എസ് ടി പി, വൈദ്യുതി വിതരണത്തിനുള്ള ട്രാൻസ്ഫോമറുകൾ, ജനറേറ്ററുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സർവീസ് കെട്ടിടങ്ങളും നിർമിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തും വ്യവസായ മേഖലയിലും ഒരുപോലെ മാറ്റമുണ്ടാക്കാൻ പിണറായി എഡ്യുക്കേഷൻ ഹബ്ബ് പദ്ധതിയിലൂടെ സാധിക്കും
- Log in to post comments