രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം മാറി: മന്ത്രി എം ബി രാജേഷ്
സർക്കാർ സംവിധാനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും വിധം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം മാറിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയ 'ഡിജി കേരള' സംരംഭത്തിന് കീഴിൽ 21 ലക്ഷത്തിലധികം ആളുകളെ ഡിജിറ്റൽ സാക്ഷരരാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. നിർമ്മാണം പൂർത്തീകരിച്ച
കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട എല്ലാ സേവനങ്ങളും നേരിട്ട് പോകാതെ സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ഓൺലൈനായി ലോകത്ത് എവിടെനിന്നും സ്വീകരിക്കാൻ കഴിയുന്ന രീതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം ആധുനികവൽക്കരിച്ചു. സംസ്ഥാനത്ത് കെട്ടിട നികുതി അടയ്ക്കാതെ പ്രവർത്തിച്ചിരുന്ന 1.43 ലക്ഷം കെട്ടിടങ്ങൾ കണ്ടെത്തി നികുതി അടപ്പിക്കാൻ കഴിഞ്ഞു. അതുമുഖേന കെട്ടിട നികുതി വർധിപ്പിക്കാതെ തന്നെ നികുതി വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞു. ഇത് പ്രാദേശിക വികസനത്തിന് വലിയൊരു മുതൽക്കൂട്ടായി മാറിയതായും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കെ.ഡി. പ്രസേനൻ എം എൽ എ അധ്യക്ഷത വഹിച്ചു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി രാധാകൃഷ്ണൻ,സ്ഥിരം സമിതി അധ്യക്ഷനായ രാജി കൃഷ്ണൻകുട്ടി, രതിക മണികണ്ഠൻ, കെ രവീന്ദ്രൻ, വാർഡ് മെമ്പർമാരായ കെ ഉണ്ണികൃഷ്ണൻ, സലിം പ്രസാദ് ,ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കവിത മാധവൻ സ്വാഗതവും സെക്രട്ടറി ആർ ഷീന നന്ദിയും പറഞ്ഞു. ജില്ലാ നിർമ്മിതികേന്ദ്രം എക്സിക്യൂട്ട് സെക്രട്ടറി പി എസ് ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.ഡി.പ്രസേനൻ എംഎൽഎയുടെ 2017-18, 2020-21 വർഷങ്ങളിലെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1.75കോടി രൂപ വിനിയോഗിച്ചാണ് കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം പൂർത്തീകരിച്ചത്.
- Log in to post comments