എൻസിസി ഡയറക്ടർ ജനറൽ ലെഫ്. ജനറൽ ഗുർബീർപാൽ സിംഗ് വെള്ളിയാഴ്ച മുതൽ കേരളത്തിൽ
എൻസിസി ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഗുർബീർപാൽ സിംഗ് അഞ്ചുദിവസത്തെ കേരള സന്ദർശനത്തിനായി വെള്ളിയാഴ്ച കേരളത്തിലെത്തും. സംസ്ഥാനത്തെ എൻസിസി യൂണിറ്റുകളിലെ കേഡറ്റുകളെ സന്ദർശിച്ച് മൂല്യവത്തായ നിർദേശങ്ങൾ പങ്കുവെച്ച് പ്രചോദനം പകരുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
ഏപ്രിൽ 19 ശനിയാഴ്ച ഡി.എസ്.സി. കേന്ദ്രത്തിൽ എൻസിസി കേഡറ്റുകൾ, എൻസിസി ഓഫീസർമാർ എന്നിവരുമായി സംവദിച്ച ശേഷം കണ്ണൂർ എൻസിസി 31 കേരള ബറ്റാലിയൻ ആസ്ഥാനം സന്ദർശിക്കും.
ഏപ്രിൽ 20 ഞായറാഴ്ച വയനാട് കൽപ്പറ്റയിൽ എൻ സി സി 5 കേരള ബറ്റാലിയൻ ആസ്ഥാനം, 22 ന് കോഴിക്കോട് എൻസിസി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ്, ഗ്രൂപ്പ് ട്രെയിനിംഗ് സെന്റർ എന്നിവ സന്ദർശിക്കും. ഇവിടെ
എൻസിസി കേഡറ്റുകൾ, ഓഫീസർമാർ, സൈനികർ എന്നിവരുമായി സംവദിക്കും.
23 ന് രാവിലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. പാങ്ങോട് ഓഡിറ്റോറിയത്തിൽ എൻസിസി കേഡറ്റുകൾ, ഉദ്യോഗസ്ഥർ, സൈനികർ എന്നിവരുമായി സംവദിച്ച ശേഷം കോവളം കടൽത്തീരത്ത് നടക്കുന്ന പാരാ സെയ്ലിംഗ് ട്രെയിനിംഗിന് സാക്ഷ്യം വഹിച്ച് 24 ന് ഡൽഹിയിലേക്ക് മടങ്ങും.
- Log in to post comments