വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡ് മന്ത്രി എം.ബി രാജേഷ് വിതരണം ചെയ്തു
കോഴിക്കോട് ബീച്ചിൽ ഒരുങ്ങുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള വെന്റിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ്
വഴിയോര കച്ചവടക്കാരുടെ ഉന്നമനവും പുനരധിവാസവും ഉറപ്പുവരുത്താൻ കോഴിക്കോട് കോർപറേഷൻ ആവിഷ്കരിച്ച തിരിച്ചറിയൽ കാർഡ് വിതരണം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ 1,952 പേർക്കാണ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തത്.
സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തിയ സർവെയിൽ 2,812 വഴിയോര കച്ചവടക്കാരെയാണ് കണ്ടെത്തിയത്. ഇവർക്കായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് നടത്തി നേരിട്ട് ഫോട്ടോ എടുത്ത് വിവരശേഖരണം നടത്തിയാണ് തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയത്.
അർഹരായ മുഴുവൻ കച്ചവടക്കാർക്കും വെന്റിങ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടികൾ കോർപറേഷൻ സ്വീകരിച്ചുവരികയാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശപ്രകാരം വിവിധ സമയങ്ങളിൽ വഴിയോര കച്ചവടക്കാരുടെ സർവെ കോർപറേഷൻ പൂർത്തീകരിച്ചിരുന്നു. 1,627 വഴിയോര കച്ചവടക്കാർക്കാണ് 2017ൽ തിരിച്ചറിയൽ കാർഡ് അനുവദിച്ചത്.
കോഴിക്കോട് ബീച്ചിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വെന്റിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് നിർമാണം അന്തിമ ഘട്ടത്തിലാണ്. 90 വഴിയോര കച്ചവടക്കാർക്കാണ് ഇവിടെ സൗകര്യങ്ങളൊരുക്കുന്നത്. ഒരേ മാതൃകയിലുള്ള 90 ഉന്തുവണ്ടികളാണ് സോണിൽ പ്രവർത്തിക്കുക. 3.44 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.
മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എംഎൽഎ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ പി. ദിവാകരൻ, പി.കെ നാസർ, പി.സി രാജൻ, സി. രേഖ, ഡോ. എസ് ജയശ്രീ, സെക്രട്ടറി കെ.യു ബിനി, കോർപറേഷൻ കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments