Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം; 97 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

ജില്ലയിലെ 2025 - 2026 സാമ്പത്തിക വര്‍ഷത്തില്‍ 97 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പദ്ധതികള്‍ ഉടനെ പൂര്‍ത്തിയാക്കണമെന്നും പദ്ധതി ചെലവ് വേഗത്തിലാക്കണമെന്നും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ നിര്‍ദ്ദേശിച്ചു.

 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതി നിര്‍വഹണത്തിലും പദ്ധതി തുക ചെലവഴിക്കുന്നതിലും എറണാകുളം ജില്ലയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചുവെന്നത് എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ടാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതി നിര്‍വഹണത്തില്‍ ജില്ലാതലത്തില്‍ ആദ്യ സ്ഥാനങ്ങള്‍ നേടിയ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ആസൂത്രണസമിതി പുരസ്‌കാരങ്ങള്‍ നല്‍കി.  

പാലക്കുഴ, എടവനക്കാട്, കറുക്കുറ്റി എന്നീ ഗ്രാമ പഞ്ചായത്തുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ബ്ലോക്ക് പഞ്ചായത്തുകളില്‍ കോതമംഗലം, വൈപ്പിന്‍, വടവുകോട് എന്നിവയും നഗരസഭകളില്‍ അങ്കമാലി, പെരുമ്പാവൂര്‍, ഏലൂര്‍ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കോര്‍പ്പറേഷനുകളില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയ കൊച്ചിന്‍ കോര്‍പ്പറേഷനും, ജില്ലാ പഞ്ചായത്തുകളില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടിയ എറണാകുളം ജില്ലാ പഞ്ചായത്തിനും പുരസ്‌ക്കാരങ്ങള്‍ നല്‍കി 

 

മാല്യന്യമുക്ത നവകേരളം പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന തലത്തില്‍ മികച്ച ഗ്രാമ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്തിനും, പദ്ധതി നിര്‍വഹണത്തില്‍ 100 ശതമാനം നേടിയ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും യോഗത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. 

 

യോഗത്തില്‍ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ എന്‍. എസ്.കെ. ഉമേഷ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ടി. ജ്യോതിമോള്‍, ആസുത്രണ സമിതി അംഗങ്ങളായ ഉല്ലാസ് തോമസ്, എ. എസ്. അനില്‍കുമാര്‍, കെ. തുളസി, അനിമോള്‍ ബേബി, റീത്ത പോള്‍, ടി. വി. പ്രദീഷ് , കെ. വി. അനിത, കെ. മേഴ്സി ടീച്ചര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

date