ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറികളും സ്റ്റേഡിയം നിർമ്മാണവും മന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന പിഎംജെവികെ പദ്ധതിയിലുൾപ്പെടുത്തി ഉളിക്കൽ പഞ്ചായത്തിലെ ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറികളുടെയും ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായുള്ള സ്റ്റേഡിയം നിർമ്മാണത്തിന്റെയും ഉദ്ഘാ ടനം കായികം, ന്യൂനപക്ഷക്ഷേമം വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറിയ കണ്ണൂർ ജില്ലയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ലഭ്യമാകുന്ന എല്ലാ ഫണ്ടുകളുമുപയോഗിച്ച് ജനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമവകുപ്പ് 49,10,000 രൂപയും ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ചിലവഴിച്ചാണ് ആറ് അധിക ക്ലാസ്സ് മുറികൾ നിർമ്മിച്ചത്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും സാമ്പത്തിക- സാമൂഹ്യ- പിന്നോക്കാവസ്ഥ നേരിടുന്ന ജനവിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതിയായ പിഎംജെവികെ യുടെ ഭാഗമായാണ് സ്കൂളിന് ക്ലാസ് മുറികൾ അനുവദിച്ചത്.
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഗ്രൗണ്ടിന്റെ പദ്ധതി വിശദീകരണം സ്പോർട്സ് ഫൗണ്ടേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ഡാലിയ നിർവഹിച്ചു. കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ചിലവഴിച്ചാണ് നിർമ്മാണം നടത്തുക. മൾട്ടിപർപ്പസ് മഡ് കോർട്ട്, നിലവിലുള്ള കോമ്പൌണ്ട് വാൾ നവീകരണം, സ്റ്റെപ് ഗാലറി, നിലവിലുള്ള സ്റ്റെപ് ഗാലറിയുടെ നവീകരണം, ഡ്രെയിൻ, ഫെൻസിങ്, ടോയ്ലറ്റ് ബ്ലോക്ക്, അനുബന്ധ ഇലക്ട്രിക്കൽ പ്രവൃത്തികൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പദ്ധതി.
അഡ്വ. സജീവ് ജോസഫ് എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി, എ ഡി എം പദ്മചന്ദ്രക്കുറുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ സബിൻ സമീദ് എന്നിവർ മുഖ്യാതിഥികളായി. ഇരിക്കൂർ പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ മനോജ് കുമാർ റിപ്പോർട്ട് അവതരണം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ എസ് ലിസി, ഉളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് സ്ഥിരം കമ്മിറ്റി ചെയർപേഴ്സൺ മാരായ ജോർജ്ജ് ജോസഫ്, പി കെ മുനീർ, കെ പി രേഷ്മ, അഷറഫ് പാലിശ്ശേരി, ജില്ല പഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, ഉളിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ രതിഭായി ഗോവിന്ദൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ഉളിക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മാസ്റ്റർ എം വി സുനിൽകുമാർ, പിടിഎ പ്രസിഡന്റ് ഷൈൻ ഐ ടോ, ,ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ ബി രാജേശ്വരി എന്നിവർ സംസാരിച്ചു.
- Log in to post comments