Skip to main content

കേരള പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ  സമൂഹത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് കേരള പുരസ്‌ക്കാരങ്ങൾ എന്ന പേരിൽ കേരള ജ്യോതി/കേരള പ്രഭ/കേരള ശ്രീ എന്നിങ്ങനെ മൂന്ന് മേഖലകളിൽ പുരസ്‌കാരങ്ങൾ നൽകുന്നു. നാമനിർദ്ദേശം
https://keralapuraskaram.kerala.gov.in/ എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. വ്യക്തികൾക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല. എന്നാൽ അതത് രംഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് അർഹരായ വ്യക്തികളെ നാമനിർദ്ദേശം ചെയ്യാം. നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി  2025 ജൂൺ 30.
വർണ്ണം, വർഗ്ഗം, ലിംഗം, ജാതി, തൊഴിൽ, പദവി ഭേദമെന്യേ കല, സാമൂഹ്യസേവനം, പൊതുകാര്യം സയൻസ് ആൻഡ് എൻജിനീയറിങ്, വ്യവസായ-വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവിൽ സർവീസ്, കായികം,  എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് കേരള പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുന്നത്.  പ്രത്യേക അടിസ്ഥാന യോഗ്യത നിശ്ചയിച്ചിട്ടില്ല.  അവരവരുടെ മേഖലകളിൽ ആജീവനാന്ത സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരത്തിനുളള നാമനിർദ്ദേശം സമർപ്പിക്കേണ്ടത്.
നാമനിർദ്ദേശം ചെയ്യുന്നയാൾ/സംഘടന കേരള പുരസ്‌കാരങ്ങളുടെ ഓരോ വിഭാഗത്തിൽ നിന്നും ഒന്നുവീതം (കേരളജ്യോതി-1, കേരള പ്രഭ-1, കേരള ശ്രീ-1) എന്ന ക്രമത്തിൽ പരമാവധി മൂന്ന് നാമനിർദ്ദേശങ്ങൾ മാത്രമേ ചെയ്യുവാൻ പാടുളളു. കേരള പുരസ്‌കാരങ്ങൾ മരണാനന്തര ബഹുമതിയായി നൽകുന്നതല്ല. ഡോക്ടർമാർ, ശാസ്ത്രജ്ഞർ എന്നിവർ ഒഴികെ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുളള സർക്കാർ ഉദ്യോഗസ്ഥർ അവാർഡിന് അർഹരല്ല. സർക്കാർ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും വിരമിച്ചശേഷം മാത്രം പുരസ്‌കാരങ്ങൾക്കായി പരിഗണിക്കും. പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തി, നാമനിർദ്ദേശത്തിനായി വ്യക്തിപരമായ ശുപാർശ നൽകിയിട്ടില്ല എന്ന സാക്ഷ്യപത്രം നാമനിർദ്ദേശം ചെയ്യന്നയാൾ/സംഘടന നൽകണം. പത്മ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ളവരെ കേരള പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുന്നതല്ല. സംസ്ഥാനത് 10 വർഷം എങ്കിലും താമസിച്ചു വരുന്ന/ താമസിച്ചിരുന്ന ഭാരത പൗരന്മാരെയാണ് പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുന്നത്. വെബ്‌സൈറ്റുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങൾക്ക് 0471 252544 എന്ന നമ്പരിൽ ബന്ധപ്പെടാം.

date