Skip to main content

കാന്തലാട് വില്ലേജിലെ പാറ പുറമ്പോക്കില്‍ താമസിക്കുന്ന 54 കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നു

കാന്തലാട് വില്ലേജിലെ പാറ പുറമ്പോക്കില്‍ കാലങ്ങളായി താമസിച്ചുവരുന്നവര്‍ക്ക് ഭൂമി പതിച്ചുനല്‍കാനൊരുങ്ങി സര്‍ക്കാര്‍. കാന്തലാട് വില്ലേജിലെ തലയാട്, മണ്ടോപ്പാറ പ്രദേശങ്ങളിലെ 54 കുടുംബങ്ങള്‍ക്കാണ് ഭൂമി നല്‍കുന്നത്. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം വിഷയം പ്രത്യേകമായി പട്ടയ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തി നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. 1920/1, 1926/1 സര്‍വേ നമ്പറുകളില്‍പ്പെട്ട പാറ പുറമ്പോക്ക് സര്‍ക്കാരിന്റെ സവിശേഷ അധികാരം വിനിയോഗിച്ച് തരിശിലേക്ക് ഇനം മാറ്റി അര്‍ഹതയുടെ അടിസ്ഥാനത്തിലാണ് കൈവശക്കാര്‍ക്ക് പതിച്ചുനല്‍കുന്നത്.
ഈ പ്രദേശങ്ങളില്‍ പാറ ഘനനത്തിന് സാധ്യതയില്ലെന്ന് ജിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു. സര്‍വേ നമ്പറുകളില്‍ ചെറുകിട ധാതുവായ കരിങ്കല്ലിന്റെ ചെറിയതോതിലുള്ള നിക്ഷേപം ഉണ്ടെങ്കിലും ഇവയുടെ അവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിക്കൊണ്ടാണ് പട്ടയം നല്‍കുക. 
ഒരങ്കോകുന്ന് കോളനിയിലെ ഭൂമി കൈവശം വെച്ചുവരുന്ന 14 കുടുംബങ്ങള്‍ക്ക് ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയവും തലയാട്, മണ്ടോപാറ കോളനിയിലെ പാറ, പാറ പുറമ്പോക്ക് കൈവശം വെക്കുന്ന 54 കുടുംബങ്ങള്‍ക്ക് ലാന്‍ഡ് അസൈന്‍മെന്റ് ചട്ടങ്ങള്‍ പ്രകാരമുള്ള പട്ടയവും അനുവദിക്കുന്നതിനുള്ള പട്ടികയാണ് തയാറാക്കിയത്. അപേക്ഷകരുടെ അര്‍ഹത പരിശോധിച്ച് ഉടന്‍ പട്ടയം വിതരണം നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
 

date