സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: മുഖ്യമന്ത്രിയുടെ ജില്ലാതല അവലോകന യോഗം വ്യാഴാഴ്ച്ച
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയിലെ ജില്ലാതല അവലോകന യോഗം വ്യാഴാഴ്ച്ച (ഏപ്രില്‍ 24) നടക്കും. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 പേരുമായി മുഖ്യമന്ത്രി സംവദിക്കും. രാവിലെ 10.30 മുതല്‍ 12.30 വരെ ഇലന്തൂര്‍ നന്നുവക്കാട് തൂക്കുപാലം പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം. പൂര്‍ണമായും ഹരിതചട്ടം പാലിക്കും.
സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍, തൊഴിലാളി പ്രതിനിധികള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, സാംസ്‌കാരിക രംഗത്ത് നിന്നുള്ളവര്‍, കായിക പ്രതിഭകള്‍, വ്യവസായികള്‍, പ്രവാസികള്‍, സമുദായ നേതാക്കള്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, നിയസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹാം, മറ്റു ജനപ്രതിനിധികള്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗമുണ്ട്. ഏപ്രില്‍ 21 ന് കാസര്‍ഗോഡായിരുന്നു തുടക്കം.
- Log in to post comments