സിവിൽ സർവീസ് പരീക്ഷയിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി വിദ്യാർഥികൾക്ക് വിജയത്തിളക്കം
യു.പി.എസ്.സി യുടെ 2024 ലെ സിവിൽ സർവീസ് പരീക്ഷയിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നത വിജയം നേടി. ആകെ 1,009 പേരാണ് 2024 ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷാ വിജയികളായിട്ടുള്ളത്. ഇതിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ വിവിധ പരിശീലന പദ്ധതികളായ പ്രിലിംസ് കം മെയിൻസ് (റെഗുലർ), പ്രിലിംസ് മെയിൻസ് (വീക്കെൻഡ്), സിവിൽ സർവീസ് ഫൗണ്ടേഷൻ ബാച്ച്, അഡോപ്ഷൻ സ്‌കീം തുടങ്ങിയവയിൽ പരിശീലനം നേടിയിട്ടുള്ള 42 മലയാളികൾ ഉൾപ്പെടുന്നു. ആൽഫ്രഡ് തോമസ്, മാളവിക ജി. നായർ, നന്ദന ജി. പി, സോണറ്റ് ജോസ്, റീനു അന്ന മാത്യു, ദേവിക പ്രിയദർശിനി എന്നിവർ ആദ്യത്തെ 100 റാങ്കുകളിൽ ഉൾപ്പെട്ടവരാണ്.
മികച്ച അധ്യാപനം, പരിചയ സമ്പന്നരായ അദ്ധ്യാപകർ, തുടർച്ചയായി നടത്തുന്ന മോഡൽ പരീക്ഷാ പരിശീലനം, മികച്ച ലൈബ്രറി എന്നീ സൗകര്യങ്ങൾ അക്കാഡമി നൽകുന്നു. യു.പി.എസ്.സി നടത്തുന്ന ഇന്റർവ്യൂവിന് പങ്കെടുക്കുന്നതിന് 'അഡോപ്ഷൻ' സ്‌കീം' മുഖേന മികച്ച ഇന്റർവ്യൂ പരിശീലനവും അക്കാഡമി നൽകുന്നുണ്ട്. പ്രഗൽഭരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും വിവിധ വിഷയങ്ങളിലെ വിദഗ്ധരെയും ഉൾപ്പെടുത്തി രണ്ട് മാസം നീളുന്ന ഇന്റർവ്യൂ പരിശീലനമാണ് അക്കാഡമി നൽകുന്നത്.
അഭിമുഖ പരീക്ഷയ്ക്കുള്ള പരിശീലനം സൗജന്യമായാണ് അക്കാഡമി നടത്തുന്നത്. അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യ യാത്ര, ഡൽഹി കേരള ഹൗസിൽ സൗജന്യ താമസം എന്നിവ നൽകുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം, സർക്കാരിന്റെ വിവിധ സ്‌കോളർഷിപ് പദ്ധതികൾ എന്നിവയും അക്കാഡമിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. മിതമായ ഫീസാണ് അക്കാഡമി പരിശീലനത്തിന് ഈടാക്കുന്നത്.
പി.എൻ.എക്സ് 1698/2025
- Log in to post comments