മണ്ണും ജലവും സംരക്ഷിക്കാം; എന്റെ കേരളം മേളയിൽ സ്റ്റാറായി കയർ ഭൂവസ്ത്രം
കേരളത്തിന്റെ പരമ്പരാഗത വ്യവസായത്തിന്റെ ഗുണമേന്മ വിളിച്ചോതി എന്റെ കേരളം പ്രദർശന വിപണനമേളയിലെ കയർവകുപ്പ് സ്റ്റാൾ. കയർ വകുപ്പിന്റെ വിവിധങ്ങളായ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവുമായി മേളയിൽ വേറിട്ട കാഴ്ച ഒരുക്കുകയാണ് കയർ വകുപ്പ്. പ്രകൃതി വിഭവങ്ങളായ മണ്ണും ജലവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കയർ വകുപ്പ് വികസിപ്പിച്ചെടുത്ത കയർ ഭൂവസ്ത്രമാണ് ഇവിടുത്ത പ്രധാന ആകർഷണം. പൊതുതോടുകളുടെയും കുളങ്ങളുടെയും വശങ്ങളിൽ കയർഭൂവസ്ത്രം വിരിക്കുന്നതോടെ ആ പ്രദേശത്തെ മണ്ണൊലിപ്പ് തടയുന്നതിനൊപ്പം ജലവും മണ്ണും ജൈവ സമ്പത്തും സംരക്ഷിക്കാൻ കഴിയും.
തോടുകളും കുളങ്ങളും വെട്ടി വൃത്തിയാക്കിയതിനുശേഷം വെട്ടിക്കയറ്റുന്ന മണ്ണുംചെളിയും മഴയിലും മറ്റും വശങ്ങളിലൂടെ ഇടിഞ്ഞുവീഴാതെ സംരക്ഷിക്കാനാണ് കയർഭൂവസ്ത്രം വശങ്ങളിൽ വിരിക്കുന്നത്. വലിയ റോളുകളായി എത്തിക്കുന്ന കയർ ഭൂവസ്ത്രം തോടുകളുടെയും കുളങ്ങളുടെയും വശങ്ങളുടെ അളവിനനുസരിച്ച് മുറിച്ചെടുത്ത് ചെറിയ കുറ്റികൾ ഉപയോഗിച്ച് ഉറപ്പിക്കും. തുടർന്ന് ഇതിനിടയിലായി പുല്ലുകൾ വെച്ചുപിടിപ്പിക്കും. മൂന്നു വർഷംവരെ കയർ ഭൂവസ്ത്രം വശങ്ങളിൽ നിലനിൽക്കും. വശങ്ങളിൽ വച്ചുപിടിപ്പിക്കുന്ന ചെടികൾ വളർന്നുകഴിയുമ്പോൾ കയറുകൾ ദ്രവിച്ചുപോകുന്നതിനാൽ മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉണ്ടാകുന്നില്ല.
ഇതോടൊപ്പം കയർ ഫെഡിന്റെ കീഴിൽ വിപണന മേളയും ഇവിടെയുണ്ട്. കയർ നിർമിത മെത്തകൾ, ചവിട്ടികൾ, ചെടിച്ചട്ടികൾ, ചകിരിവളം എന്നിവ പത്തുമുതൽ അൻപത് ശതമാനം വരെ വിലക്കുറവിൽ ഇവിടെ ലഭ്യമാണ്. അതോടൊപ്പം ചകിരിയിൽ നിന്ന് എങ്ങനെയാണ് കയർ ഉൽപ്പിദിപ്പിക്കുന്നത് എന്നതിന്റെ പ്രദർശനവും കാണാം.
- Log in to post comments