നാഴിയുരിപ്പാലിൽ നിന്ന് പാൽപ്പൊലിമയിലേക്ക്
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് ക്ഷീരകർഷകസംഗമം നടന്നു. മൃഗസംരക്ഷണ വകുപ്പും ക്ഷീര വികസന വകുപ്പും ചേർന്ന് സംഘടിപ്പിച്ച 'പാൽപ്പൊലിമ' എന്ന ബോധവത്കരണ സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.കെ. മനോജ്‌കുമാർ വിഷയാവതരണം നടത്തി. ഡോ.എം. മുഹമ്മദ് ആസിഫ്, ഡോ.സുബിൻ എം. എസ്., ഡോ.നെൽസൺ എം. മാത്യു എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു.
വെറ്ററിനറി സർജനും ഫാം ജേണലിസ്റ്റ് അവാർഡ് ജേതാവുമായ ഡോ. എം. മുഹമ്മദ് ആസിഫ് പശുക്കിടാവിന്റെ പരിപാലനത്തിൽ ഏറെ പ്രാധാന്യമുള്ള കന്നിപ്പാൽ, പ്രസവ പരിശോധനയുടെ പ്രസക്തി, കൃത്രിമ ബീജദാനത്തിന്റെ സങ്കീർണത എന്നിവ പ്രധാന ചർച്ചാവിഷയങ്ങളായി അവതരിപ്പിച്ചു. പശുക്കളിൽ സമ്മർദ്ദം ചെലുത്തുന്ന വിവിധ സാഹചര്യങ്ങളെപ്പറ്റിയും ചൂടുല്പാദനം കുറയ്ക്കാനുള്ള മാർഗനിർദ്ദേശങ്ങളെപ്പറ്റിയും വെറ്ററിനറി സർജൻ ഡോ. എം. എസ്. സുബിൻ വിശദീകരിച്ചപ്പോൾ കന്നുകാലികളിൽ പ്രധാനമായും കണ്ടുവരുന്ന പരാദരോഗങ്ങളെപ്പറ്റിയാണ് വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യുവിന് പറയാനുണ്ടായിരുന്നത്. മികച്ച പരമ്പരാഗത ക്ഷീര സംഘമായ കാണക്കാരി ക്ഷീര വ്യവസായ സഹകരണ സംഘത്തിൻ്റെയും ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ സംഭരണം നടത്തുന്ന ആപ്കോസ് സംഘമായ കുര്യനാട് ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെയും ഭാരവാഹികളെ വേദിയിൽ ആദരിച്ചു. ഡോ. എം. മുഹമ്മദ് ആസിഫിനെയും സെമിനാറിൽ ആദരിച്ചു. ക്ഷീരവികസന വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ സി. ആര്‍. ശാരദ, സീനിയർ വെറ്ററിനറി സർജൻ ഡോ. മിനി ജോസഫ്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുജിത്ത് എന്നിവർ പ്രസംഗിച്ചു.
- Log in to post comments