Skip to main content

ദേശീയ-അന്തർദേശീയ തലങ്ങളിൽ മലയാള ചലച്ചിത്രത്തിന് ഇടം നേടിക്കൊടുത്ത സർഗ്ഗപ്രതിഭയെയാണ് ഷാജി എൻ കരുണിന്റെ വിയോഗത്തിലൂടെ നഷ്ടമായത്: മന്ത്രി ആർ. ബിന്ദു

 

വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ കരുണിന്റെ വിയോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ്  മന്ത്രി ഡോ. ആർ ബിന്ദു അനുശോചനം അറിയിച്ചു. ദേശീയ-അന്തർദേശീയ തലങ്ങളിൽ മലയാള ചലച്ചിത്രത്തിന് ഇടം നേടിക്കൊടുത്ത സർഗ്ഗപ്രതിഭയെയാണ് ഷാജി എൻ കരുണിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചലച്ചിത്രകാരൻ ജി അരവിന്ദന്റെ ഛായാഗ്രാഹകനായി വന്ന് പുതിയ ചലച്ചിത്ര ഭാഷയ്ക്ക് രൂപം നൽകിയ ഷാജി എൻ കരുൺ, തന്റെ സ്വതന്ത്രമായ ചിത്രങ്ങളിലൂടെ ആ ഭാഷയുടെ അതിരുകൾ വികസിപ്പിക്കുന്നത് നാം കണ്ടു. സ്വം, വാനപ്രസ്ഥം തുടങ്ങി പിറവി, എ.കെ.ജി വരെയുള്ള ചിത്രങ്ങളിലൂടെ കലയെയും രാഷ്ട്രീയത്തെയും സൗന്ദര്യാത്മകമായി ആവിഷ്‌കരിച്ചു. ആദ്യ ചിത്രമായ പിറവി തന്നെ വിശ്വപുരസ്‌കാരം നേടിയത് ആ പ്രതിഭയുടെ ഉൾക്കരുത്താണ് തെളിയിച്ചത്. അതൊരിയ്ക്കലും അസ്തമിച്ചേയില്ല. ഉറച്ച ഇടതുപക്ഷ ബോധ്യങ്ങളാൽ നയിക്കപ്പെട്ട കലാകാരനായി എന്നും തുടർന്ന ഷാജി എൻ കരുൺ, ചലച്ചിത്ര വികസന കോർപ്പറേഷന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും അമരക്കാരനായി കലാ-സംഘാടന മേഖലകളിലും നിറഞ്ഞുനിന്നു.

സംസ്ഥാനത്തിന്റെ അത്യുന്നത ചലച്ചിത്ര സമ്മാനമായ ജെ സി ഡാനിയേൽ പുരസ്‌കാരം ഏറ്റുവാങ്ങി നാളുകൾക്കകമാണ് ഈ വിടവാങ്ങലെന്നത് ദുഃഖം അടങ്ങാത്തതാക്കുന്നു.

ചലച്ചിത്ര പ്രണയികളുടെയാകെ ദുഃഖത്തിൽ പങ്കുചേരുന്നു. കുടുംബാംഗങ്ങളുടെ വേദനയിൽ കൂടെയുണ്ടെന്നും മന്ത്രി അറിയിച്ചു.

പി.എൻ.എക്സ് 1786/2025

date