Skip to main content

വന്യജീവി സംരക്ഷണ നിയമ ഭേദഗതി; വനം മന്ത്രി അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്തി

1972-ലെ കേന്ദ്ര വന്യജീവി (സംരക്ഷണം) ആക്റ്റിൽ സംസ്ഥാന ഭേദഗതി കൊണ്ടുവരുന്നത് സംബന്ധിച്ച വിഷയത്തിൽ ഉണ്ടാകാവുന്ന നിയമ പ്രശ്‌നങ്ങൾ സംബന്ധിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രൻ അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പുമായി ചർച്ച നടത്തി. കേന്ദ്ര നിയമ പ്രകാരം വന്യജീവി ആക്രമണങ്ങൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൽ നിലവിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനാണ് കേന്ദ്ര നിയമത്തിൽ ഭേദഗതി വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.

1972-ലാണ് ഈ നിയമം പാർലമെന്റ് പാസ്സാക്കിയത്. ആ സമയത്ത് ''വനവും വന്യജീവിയും'' എന്ന വിഷയം ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റിൽ ആയിരുന്നു. ഈ വിഷയത്തിൽ പാർലമെന്റിന് നിയമ നിർമ്മാണം നടത്താൻ അന്ന് അധികാരം ഉണ്ടായിരുന്നില്ല. എന്നാൽ, 11-ഓളം സംസ്ഥാനങ്ങൾ അവയുടെ നിയമനിർമ്മാണ സഭകളിൽ പ്രമേയം പാസ്സാക്കി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട പ്രകാരം ഭരണഘടനയുടെ 252-ാം അനുച്ഛേദപ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് പ്രസ്തുത നിയമം പാർലമെന്റ് പാസ്സാക്കിയത്. അങ്ങനെ പാർലമെന്റ് പാസ്സാക്കുന്ന ഒരു നിയമം ഭേദഗതി ചെയ്യാൻ പാർലമെന്റിന് മാത്രമാണ് അധികാരമെന്നും സംസ്ഥാന നിയമനിർമ്മാണ സഭകൾക്ക് അധികാരമില്ല എന്നും ഈ അനുച്ഛേദത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പ്രസ്തുത കേന്ദ്ര നിയമം പാസാക്കിയതിന് ശേഷം നിലവിൽ വന്ന ഭരണഘടനയുടെ 42-ാം ഭേദഗതി പ്രകാരം 'വനങ്ങൾ, വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം' എന്ന വിഷയം 1977 മുതൽ ഭരണഘടനയുടെ സമവർത്തി ലിസ്റ്റിൽ (കൺകറന്റ് ലിസ്റ്റ്) ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 252-ാം വകുപ്പ് പ്രകാരം സംസ്ഥാന നിയമനിർമ്മാണ സഭകൾക്ക് ഈ വിഷയത്തിൽ നിയമ നിർമ്മാണം നടത്താൻ അധികാരമില്ല എന്ന നിയമപ്രശ്‌നത്തിൽ, ഈ വിഷയം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് അധികാരം ഉണ്ടോ എന്നറിയാൻ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിനായി ചർച്ച നടത്തിയത്.

സംസ്ഥാനം ഉദ്ദേശിക്കുന്ന ഭേദഗതികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രാഥമിക കരട് ബില്ലും മന്ത്രി അഡ്വക്കേറ്റ് ജനറലിന് സമർപ്പിച്ചു. അതുപ്രകാരം വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾ തടിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിൽ വന്യജീവികൾ പ്രവേശിക്കുകയോ അല്ലെങ്കിൽ ആർക്കെങ്കിലും ദേഹോപദ്രവം ഏൽപ്പിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ജില്ലാ കളക്ടറുടെയോ വനം ചീഫ് കൺസർവേറ്ററുടെയോ റിപ്പോർട്ട് കൂടി പരിഗണിച്ച് എത്രയും വേഗം അങ്ങനെയുള്ള വന്യജീവിയെ കൊല്ലുന്നതിനോ മയക്കുവെടിവെച്ച് പിടിക്കുന്നതിനോ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്നതാണ് ഒരു ഭേദഗതി നിർദ്ദേശം. അതോടൊപ്പം 'മനുഷ്യജീവന് അപകടകരമായ വന്യജീവി ' എന്ന് കേന്ദ്ര നിയമത്തിൽ ഉപയോഗിച്ചിട്ടുള്ളത് വ്യക്തമല്ലാത്തതിനാൽ വനത്തിനും സംരക്ഷിത പ്രദേശങ്ങൾക്കും പുറത്ത് വന്ന് ആരെയെങ്കിലും ആക്രമിക്കുന്ന വന്യജീവികളെയാണ് മനുഷ്യജീവന് അപകടകരമായ വന്യജീവി എന്ന് വ്യക്തമാക്കാനുള്ള വ്യവസ്ഥ ചേർക്കാനും നിർദ്ദേശിക്കുന്നുണ്ട്. പട്ടിക രണ്ടിൽ പെട്ട വന്യജീവികളുടെ എണ്ണം, ജനനനിയന്ത്രണം, മറ്റ് സ്ഥലങ്ങളിലേക്ക് മൃഗങ്ങളെ കൊണ്ടുപോകൽ തുടങ്ങിയ വിവിധ ശാസ്ത്രീയ മാർഗങ്ങളിലൂടെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകാനും കരട് ബില്ലിൽ ഉദ്ദേശിക്കുന്നു.

കാട്ടുപന്നി, നാടൻ കുരങ്ങുകൾ തുടങ്ങി എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുള്ള വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ച സാഹചര്യത്തിൽ സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കി അത്തരം ജീവികളെ ക്ഷ്രുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതിന് ചുമതലപ്പെടുത്തുന്നതിനും കരട് ബില്ലിൽ വ്യവസ്ഥ ചേർത്തിട്ടുണ്ട്.

ചർച്ചയിൽ  പരിഗണിച്ച നിയമ പ്രശ്നങ്ങളിൻമേൽ ആവശ്യമായ നിയമോപദേശം അഡ്വക്കറ്റ് ജനറൽ സർക്കാരിന് സമർപ്പിക്കും. നിയമോപദേശം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ സമാന പ്രശ്നങ്ങൾ നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച നടത്തി കേന്ദ്ര നിയമം ഭേദഗതി ചെയ്യുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചർച്ചയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണനും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

പി.എൻ.എക്സ് 1793/2025

date