സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷിതത്വവും ഫിറ്റ്നസ് സർട്ടിഫിക്കറ്റും മേയ് 15ന് മുമ്പ് ഉറപ്പാക്കണം: മന്ത്രി പി പ്രസാദ്
ജില്ലയിലെ സ്കൂൾ കെട്ടിടങ്ങൾ സുരക്ഷിതമാണെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും മേയ് 15 ന് മുമ്പ് പരിശോധിച്ചു ഉറപ്പാക്കണമെന്ന്
കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്
വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി.
മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കേണ്ടി വരുന്ന സ്കൂളുകളിൽ ശൗചാലയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
തഹസിൽദാർമാർ ദുരിതാശ്വാസ ക്യാമ്പുകളുടെ മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തണം. തീരദേശ പഞ്ചായത്തുകളിൽ കടൽക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ വീടുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കാനായി ജിയോ ബാഗുകൾ, മണൽ ചാക്കുകൾ പോലെയുള്ള താൽക്കാലിക സംവിധാനം ഒരുക്കുന്നതിന് ജലസേചന വകുപ്പുമായി തദ്ദേശ സ്വയം ഭരണ വകുപ്പ് ചേർന്ന് പ്രവർത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ജില്ലക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും സ്കൂളുകളിൽ ശൗചാലയങ്ങളിൽ സോപ്പ് ഉപയോഗിച്ച് കൈകഴുകാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ തിളപ്പിച്ചാറ്റിയ വെള്ളം വൃത്തിയായ സാഹചര്യത്തിൽ നൽകാനുള്ള സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാൻ ജനങ്ങളുടെ ഇടയിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരണം നടത്തമെന്ന് മന്ത്രി നിർദ്ദേശിച്ചു.
അപകടകരമായ രീതിയിൽ നിൽക്കുന്ന വൃക്ഷങ്ങളും ചില്ലകളും നീക്കം ചെയ്യുന്ന പ്രവർത്തികൾ അന്തിമ ഘട്ടത്തിലായെന്നും വൈദ്യുത ലൈനുകൾ, പോസ്റ്റുകൾ മുതലായവ സുരക്ഷിതമായാണ് നിലകൊള്ളുന്നതെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും കെ എസ് ഇ ബി ഉദ്യോഗസ്ഥർ അറിയിച്ചു.
എല്ലാ ആഴ്ചയിലും ആറ് വകുപ്പുകൾ ചേർന്ന് ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ള ജലയാനങ്ങളിൽ പരിശോധന നടത്തുന്നുണ്ടെന്നും നിയമലംഘനങ്ങൾ നടത്തുന്ന ജലയാനങ്ങൾക്ക് പിഴ ഇടാക്കുന്നുണ്ടെന്നും ടൂറിസം വകുപ്പ് യോഗത്തിൽ അറിയിച്ചു. ബീച്ചുകളിൽ ലൈഫ് ഗാർഡുകളുടെ സേവനം ഉറപ്പാക്കണമെന്ന് മന്ത്രി വകുപ്പിന് നിർദ്ദേശം നൽകി.
പാടശേഖരങ്ങളുടെ പുറംബണ്ടുകൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള നിർദ്ദേശങ്ങൾ പാടശേഖര സമതിക്ക് നൽകിയിട്ടുണ്ടെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ടെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
100 ബയോ ടോയ്ലറ്റുകൾ ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ശുചിത്വ മിഷൻ അറിയിച്ചു. ജില്ലയിലെ കടലിലെ രക്ഷാ പ്രവർത്തനങ്ങൾക്കായി ഓരോ ബോട്ടുകൾ വീതം കായംകുളം , തോപ്പുംപടി ഹാർബറുകളിൽ സജ്ജമാക്കുമെന്നും ഒരു എഫ് ആർ പി വള്ളം പെട്രോളിങിനായി തോട്ടപ്പള്ളിയിലുണ്ടെന്നും കൺട്രോൾ റൂം തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിനും ഓരു മുട്ടുകൾ യഥാസമയം തുറക്കുന്നതിനും കടൽഭിത്തി നിർമ്മാണം ദ്രുതഗതിയിലാക്കുന്നതിനും മന്ത്രി നിർദ്ദേശം നൽകി. ജില്ലയിലെ ആറുകൾക്കും തോടുകൾക്കും കുറുകെയുള്ള പാലങ്ങൾക്കിടയിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളുടെയും മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി കർശന നിർദ്ദേശം നൽകി.
എംഎൽഎമാരയ പി പി ചിത്തരഞ്ജൻ,എച്ച് സലാം ,
ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭാ ചെയർപേഴ്സൺ കെ കെ ജയമ്മ എന്നിവർ നേരിട്ടും എം എൽ എ മാരായ
തോമസ് കെ തോമസ്, എം എസ് അരുൺകുമർ, ദലീമ എന്നിവർ ഓൺ ലൈനായും , സബ് കളക്ടർ സമീർ കിഷൻ, ദുരന്ത നിവാരണ ഡപ്യൂട്ടി കളക്ടർ സി പ്രേംജി, മറ്റ് ജനപ്രതിനിധികൾ , ജില്ല തല ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
(പിആര്‍/എഎല്‍പി/1176)
- Log in to post comments