സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം ലക്ഷം കോടി രൂപയായി ഉയര്‍ത്താനാകും -മന്ത്രി കെ എന്‍ ബാലഗോപാല്‍
കൊയിലാണ്ടിയില്‍ പുതിയ സബ് ട്രഷറി കെട്ടിടത്തിന് ശിലയിട്ടു
തനത് നികുതി വരുമാനം 50,000 കോടിയില്‍നിന്ന് ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ കേരളത്തിന് സാധിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊയിലാണ്ടി സബ് ട്രഷറി കെട്ടിട ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2021ല്‍ കേരളത്തിന്റെ തനത് നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. ഈ വര്‍ഷം ഇത് 95,000 കോടി രൂപയായി ഉയര്‍ന്നു. അടുത്ത വര്‍ഷം ലക്ഷം കോടി രൂപയിലെത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും സുരക്ഷിത സ്ഥാപനങ്ങളില്‍ ഒന്നാണ് ട്രഷറി. പുതിയ ഘട്ടത്തില്‍ 22 ട്രഷറികളാണ് സര്‍ക്കാര്‍ പുതുക്കി നിര്‍മിക്കുന്നത്. ട്രഷറിയില്‍ വരുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ് പുതിയ കെട്ടിടങ്ങളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. 10 മാസത്തിനകം സബ് ട്രഷറി നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കൊയിലാണ്ടി കോടതിവളപ്പില്‍ പഴയ ട്രഷറി കെട്ടിടത്തിന്റെ സ്ഥാനത്താണ് പുതിയ കെട്ടിടവും നിര്‍മിക്കുക.
കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ കെ ജി രമാദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി കെ ശ്രീകുമാര്‍, സതി കിഴക്കയില്‍, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വേണു, വാര്‍ഡ് കൗണ്‍സിലര്‍ എ അസീസ്, മുന്‍ എംഎല്‍എമാരായ കെ ദാസന്‍, പി വിശ്വന്‍, ട്രഷറി വകുപ്പ് ഡയറക്ടര്‍ വി സാജന്‍, ജില്ലാ ട്രഷറി ഓഫീസര്‍ എം ഷാജി, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി, സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments