Skip to main content

അമ്മാടം മുളളക്കര ലിഫ്റ്റ് ഇറിഗേഷന്‍; പുനരുദ്ധാരണം നടത്തി നാടിന് സമര്‍പ്പിച്ചു

പാറളം ഗ്രാമപഞ്ചായത്തിലെ അമ്മാടം മുള്ളക്കര ലിഫ്റ്റ് ഇറിഗേഷന്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി നാടിന് സമര്‍പ്പിച്ചു. ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തും പാറളം ഗ്രാമപഞ്ചായത്തും സംയുക്തമായാണ് അമ്മാടം മുള്ളക്കര ലിഫ്റ്റ് ഇറിഗേഷന്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

പാറളം ഗ്രാമപഞ്ചായത്തിലെ 9, 10, 12 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് അമ്മാടം മുള്ളക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കിയത്. ലിഫ്റ്റ് ഇറിഗേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ മൂന്ന് വാര്‍ഡുകളിലെയും കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകും. താഴ്ന്ന നിലങ്ങളില്‍ വെള്ളം കയറുന്നതിന്നാന്‍ മാര്‍ച്ച് മാസത്തോടെ കൊയ്ത്തിന്റെ സമയമായാല്‍ ഒന്നര മാസത്തോളം ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു. അമ്മാടം മുള്ളക്കര ലിഫ്റ്റ് ഇറിഗേഷന്‍ സമിതിയുടെയും പണ്ടാരം കോള്‍പടവ് സമിതിയുടെയും ആവശ്യപ്രകാരം പൂത്തറക്കല്‍ കെ എല്‍ ഡി സി ചാലില്‍ നിന്നും പൈപ്പിട്ട് വാല്‍വ് വെച്ച് ലിഫ്റ്റ് ഇറിഗേഷന്‍ കുളത്തിലേക്ക് വെള്ളം എത്തിച്ചാണ് പദ്ധതി നടപ്പാക്കിയത്. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും പാറളം ഗ്രാമപഞ്ചായത്ത് നാല് ലക്ഷം രൂപയും സംയുക്തമായി ചെലവഴിച്ചാണ് അമ്മാടം മുള്ളക്കര ലിഫ്റ്റ് ഇറിഗേഷന്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പാറളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് സ്വാഗതവും അമ്മാടം മുള്ളക്കര ലിഫ്റ്റ് ഇറിഗേഷന്‍ പ്രസിഡന്റ് പി.ഒ ഡേവിസ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ മാത്യു, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനിത മണി, ഗ്രാമപഞ്ചായത്ത് അംഗം സ്മിനു മുകേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

date