Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ കലയുടെ ആഘോഷപൂരം

എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ കലയുടെ ആഘോഷപൂരം

 

*സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ബീന ആര്‍ചന്ദ്രന്റെ ഏകപാത്ര നാടകം

 

*പിന്നണി ഗായകനും നാടന്‍പാട്ടു വിദഗ്ദനുമായ പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍കലാ ആവിഷ്കാരങ്ങള്‍

 

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കലയുടെ ആഘോഷ പൂരം. ഏഴ് ദിവസം നീളുന്ന കലാപരിപാടികളില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ബീന ആര്‍ ചന്ദ്രന്റെ ഏകപാത്ര നാടകം, പിന്നണി ഗായകനും നാടന്‍പാട്ടു വിദഗ്ദനുമായ പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ കലാ ആവിശ്കാരങ്ങള്‍, പിന്നണി ഗായികയും ചലച്ചിത്ര നടിയുമായ സുനിത നെടുങ്ങാടിയും സംഘവം അവതരിപ്പിക്കുന്ന ഗസല്‍, ടാറന ബാന്‍ഡ് ഒരുക്കുന്ന ഫ്യൂഷന്‍ സംഗീതം, വനിതകള്‍മാത്രം അടങ്ങുന്ന കണ്യാര്‍കളി, രാജീവ് പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, തുടങ്ങിയ കലാപരിപാടികള്‍ മേളയെ സംഗീത-നൃത്തവിസ്മയത്തില്‍ ആറാടിക്കും. പ്രവേശനം സൗജന്യമാണ്.

ഉദ്ഘാടന ദിവസം വൈകിട്ട് ഏഴിനാണ് കലാപരിപാടികള്‍ ആരംഭിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകിട്ട് കലാ പരിപാടികൾ അഞ്ചോടെ ആരംഭിക്കും.

ആദ്യദിവസം മുന്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 7.10 ന് പിന്നണി ഗായികയും ചലച്ചിത്ര നടിയുമായ സുനിത നെടുങ്ങാടിയും സംഘവും അവതരിപ്പിക്കുന്ന ഉറുദു, ഹിന്ദി, മലയാളം ഗസല്‍ പരിപാടി നടക്കും. 8.30 ന് പ്രമുഖ നാടന്‍പാട്ട് ഗുരുവായ ജനാര്‍ദ്ദനന്‍ പുതുശ്ശേരിയും സംഘവും ഗ്രാമച്ചന്തം എന്ന പേരില്‍ നാടന്‍ കലകള്‍ അവതരിപ്പിക്കും.

 

മെയ് അഞ്ചിന് വൈകീട്ട് ആറ് മണിക്ക് രാജീവും പുലവരും സംഘവും ഒരുക്കുന്ന കേരള വികസനം ചിത്രീകരിക്കുന്ന തോല്‍പാവക്കൂത്ത് നടക്കും. 6.45 ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ബീന ആര്‍ ചന്ദ്രന്‍ അഭിനയിക്കുന്ന 'ഒറ്റ ഞാവല്‍മരം' ഏകപാത്ര നാടകം അരങ്ങേറും. 7.30 ന് ഭാസ്‌കരന്‍മഠത്തിലും സംഘവും അവതരിപ്പിക്കുന്ന വനിതകള്‍ മാത്രമുള്ള കണ്യാര്‍കളി അവതരിപ്പിക്കും. 8.15ന് പ്രമുഖ വയലിന്‍ വാദക സാന്ദ്ര ഷിബുവും സംഘവും അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍ സംഗീത വിസമയം നടക്കും.

 

മെയ് ആറിന് വൈകീട്ട് ആറ് മണിക്ക് പ്രമുഖ നാടന്‍പാട്ട് ഗുരുവായ മണ്ണൂര്‍ചന്ദ്രനും സംഘവും പൊറാട്ട് നാടകം അവതരിപ്പിക്കും. 6.30 ന് ദേവാശ്രയം ചാരിറ്റബിള്‍ സൊസൈറ്റിയിലെ ഭിന്നശേഷി കലാകാരന്മാരുടെ ഭിന്ന വര്‍ണ്ണങ്ങള്‍ എന്ന പേരില്‍ നൃത്യ നൃത്തങ്ങള്‍ അവതരിപ്പിക്കും. ഏഴിന് സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ കലാഭവന്‍ സലീമും സംഘവും കോമഡി ഷോ അവതരിപ്പിക്കും. 7.30ന് മലയാളി മറക്കാത്ത സംഗീത സംവിധായകന്‍ ബാബുരാജിന്റെ ജീവിതവും ഗാനങ്ങളും കുതിപ്പും കിതപ്പും കോര്‍ത്തിണക്കിയ 'പാടുക പാട്ടുകാരാ' എന്ന പേരില്‍ ശശീധരന്‍ നടുവില്‍ സംവിധാനം ചെയ്ത നാടകം നടക്കും. ഒന്‍പതിന് കൊച്ചി യുവതികളുടെ സംഗീതക്കൂട്ടായ്മയായ ടാറനാ ബാന്‍ഡ് വേറിട്ട സംഗീതാനുഭവം ഒരുക്കും.

 

മെയ് ഏഴിന് വൈകീട്ട് ആറ് മണിക്ക് സ്വര രാഗ സുധ സംഗീത മെഗാ ഷോ അരങ്ങേറും. പിന്നണി ഗായകരായ നിഷാദ്, ചിത്ര അരുണ്‍, സതീഷ് കൃഷ്ണ, അഭിരാമി, പ്രസാദ്, വിമോജ് മോഹന്‍, ഗോപി സജിത്ത് എന്നിവര്‍ വിവിധ ഗാനങ്ങള്‍ ആലപിക്കും. 8.15 ന് പിന്നണി ഗായകനും നാടന്‍പാട്ട് വിദഗ്ദനുമായ പ്രണവം ശശിയും സംഘവും വിവിധ നാടന്‍കലാ ആവിഷ്‌കാരങ്ങള്‍ അവതരിപ്പിക്കും.

 

മെയ് എട്ടിന് വൈകീട്ട് ആറിന് ഡോ.രേവതി വയലാര്‍ ഭരതനാട്യം അവതരിപ്പിക്കും. ഏഴിന് സംഗീത സംവിധായകന്‍ ബേണി പി ജെയും സംഘവും അവതരിപ്പിക്കുന്ന 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' സംഗീത പരിപാടി അരങ്ങേറും. ഒമ്പതിന് അട്ടപ്പാടി ഗോത്രകലാ മണ്ഡല്‍ വൈവിധ്യമാര്‍ന്ന ഗോത്രകലകള്‍ അവതരിപ്പിക്കും.

 

മെയ് ഒന്‍പതിന് വൈകീട്ട് ആറിന് കുമരമ്പത്തൂര്‍മണിയും സംഘവും അവതരിപ്പിക്കുന്ന പൊറാട്ട് കളി, 6.30 ന് കലാമണ്ഡലം രചിതാ രവിയുടെയും സംഘത്തിന്റെയും മോഹിനിയാട്ടം കച്ചേരി എന്നിവ അരങ്ങേറും. 7.30 ന് തിരുവനന്തപുരം സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍സെല്‍'അനന്യഭാവങ്ങള്‍' എന്ന പേരില്‍വിവിധ പരിപാടികള്‍നടത്തും. 8.15ന് 'മധുരിക്കും ഓര്‍മകള്‍'എന്ന പേരില്‍ പിന്നണി ഗായകരായ നൗഷാദ്, വിനോദ്, പ്രതിഭ എന്നിവരും സംഘവും നാടകഗാനങ്ങള്‍ അവതരിപ്പിക്കും.

 

date